ശമ്പള പരിഷ്കരണ കുടിശിക കൊടുക്കാൻ വേണ്ടത് 3572.13 കോടി. ശമ്പള പരിഷ്കരണ കുടിശികയായി അനുവദിക്കാനുള്ള തുക എത്രയെന്ന ആധികാരിക കണക്ക് ധനവകുപ്പിൻ്റ കയ്യിൽ ലഭ്യമല്ലെന്നാണ് ഇതു സംബന്ധിച്ച നിയമസഭ ചോദ്യത്തിന് ബാലഗോപാൽ മറുപടി നൽകിയത്.
ശമ്പള പരിഷ്കരണ കുടിശികകൾ ഇതുവരെ സ്പാർക്കിൽ പ്രോസസ് ചെയ്തില്ല എന്നതുകൊണ്ട് കണക്കില്ല എന്നാണ് ബാലഗോപാലിൻ്റെ ന്യായം. കുടിശിക നൽകാനുള്ള ഉത്തരവ് മരവിപ്പിച്ചിട്ടാണ് ബാലഗോപാൽ ഈ തൊടുന്യായം പറയുന്നത് എന്നതാണ് വിരോധാഭാസം. കുടിശിക നൽകാൻ 3572. 13 കോടി വേണമെന്നത് ശമ്പള പരിഷ്കരണ കമ്മീഷൻ്റെ കണക്കാണ്.
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക നാല് ഗഡുക്കൾ ആയി നൽകും എന്നായിരുന്നു തോമസ് ഐസക്ക് 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഐസക്കിൻ്റെ കസേരയും പോയി (മൽസരിക്കാൻ സീറ്റ് പോലും കൊടുത്തില്ല ) അതോടൊപ്പം ശമ്പള പരിഷ്കരണ കുടിശികയും ഫ്രീസറിലായി. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ 25 ശതമാനം വീതം നാല് ഗഡുക്കളായി ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു ഐസക്കിൻ്റെ വാഗ്ദാനം.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ആദ്യ രണ്ട് ഗഡുക്കളും നീട്ടി വച്ചതായി ബാലഗോപാൽ ഉത്തരവ് ഇറക്കി. അടുത്ത രണ്ട് ഗഡുക്കളിൽ ഉത്തരവ് പോലും ഇറക്കിയില്ല. ശമ്പളപരിഷ്കരണ കുടിശിക ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ പോയാൽ എങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് എന്ന ചോദ്യം ബാക്കി. കുടിശിക നേരിട്ട് ജീവനക്കാർക്ക് ലഭിക്കാത്തത് മൂലം സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല എന്നതാണ് വാസ്തവം.
2024 ജൂലൈ 1 മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. ഇതിന് കമ്മീഷനെ പോലും സർക്കാർ ഇതു വരെ വച്ചിട്ടില്ല. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക കൊടുക്കാൻ പോലും തയ്യാറാകാത്ത സർക്കാർ അടുത്ത ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പത്ത് വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം മതി എന്നാണ് ചീഫ് സെക്രട്ടറിയുടെയും കെ.എം എബ്രഹാമിൻ്റെയും നിലപാട്.
ശമ്പള പരിഷ്കരണ കമ്മീഷൻ നയപരമായ കാര്യമാണെന്നാണ് കമ്മീഷൻ നിയമനത്തെ കുറിച്ചുള്ള പ്രതിപക്ഷ എം എൽ എ മാരുടെ നിയമസഭ ചോദ്യത്തിന് ബാലഗോപാലിൻ്റെ സ്ഥിരം മറുപടി. അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കര ണം അട്ടിമറിക്കാനുള്ള നീക്കം സെക്രട്ടറിയേറ്റിലെ ഉന്നത കേന്ദ്രങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് സൂചന.
ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ ജീവനക്കാർക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് ലഭിക്കേണ്ടത് 64000 രൂപ മുതൽ 3,76, 400 രൂപ വരെയാണ്.കുടിശിക പി എഫിൽ ലയിപ്പിക്കുന്നത് മൂലം പി.എഫ് പലിശയും ഇതോടൊപ്പം ജീവനക്കാർക്ക് ലഭിക്കും. ഇതെല്ലാം ആണ് സർക്കാരിൻ്റെ നിഷേധാൽമക നയം മൂലം ജീവനക്കാർക്ക് നഷ്ടപ്പെട്ടത്.
ജീവനക്കാരന് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശിക ഇപ്രകാരം :
തസ്തിക | അടിസ്ഥാന ശമ്പളം | ലഭിക്കേണ്ട കുടിശിക |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 64000 |
ക്ലർക്ക് | 26500 | 74000 |
സിവിൽ പോലിസ് ഓഫിസർ | 31100 | 89200 |
സ്റ്റാഫ് നേഴ്സ് | 39300 | 118800 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 136800 |
സബ് ഇൻസ്പെക്ടർ | 55200 | 156000 |
സെക്ഷൻ ഓഫിസർ | 56500 | 158000 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 166000 |
അണ്ടർ സെക്രട്ടറി | 63700 | 174800 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 238400 |
സിവിൽ സർജൻ | 95600 | 263200 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 298400 |
ജോയിൻ്റ് സെക്രട്ടറി | 123700 | 338000 |
അഡീഷണൽ സെക്രട്ടറി | 140500 | 376400 |