EducationInternationalSocial Media

സൗജന്യ സ്‌കൂൾ അടച്ച് പൂട്ടാൻ സക്കർബർഗും ഭാര്യയും! ട്രംപിനെ സന്തോഷിപ്പിക്കാൻ എന്ന് വിമർശനം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃസ്ഥാപനമായ മെറ്റായുടെ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ കുറഞ്ഞ വരുമാനമുള്ളവരുടെ കുട്ടികൾക്കായി 2016-ൽ ആരംഭിച്ച സൗജന്യ എലിമെന്ററി സ്കൂൾ അടച്ചുപൂട്ടുന്നു. 10 വർഷത്തിനു ശേഷം 2026-ഓടെ സ്കൂൾ അടച്ചുപൂട്ടുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മെറ്റായുടെ ആസ്ഥാനത്തിനടുത്തുള്ള ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ (CZI) കീഴിലാണ് ഈ സ്കൂൾ ആരംഭിച്ചത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചാണ് സ്കൂൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള വിവരം അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്കൂൾ അടച്ചുപൂട്ടലിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ പ്രീതി പിടിച്ചുപറ്റാൻ നടത്തുന്നു നിലപാടുകളിലെ മലക്കംമറിച്ചിലുകൾ വിമര്‍ശിക്കപ്പെടുന്നതിനിടയ്ക്കാണ് പുതിയ തീരുമാനവും പുറത്തുവന്നത്.

“ഈസ്റ്റ് പാലോ ആൾട്ടോയിലെയും ഈസ്റ്റ് ബേയിലെയും ഞങ്ങളുടെ സ്കൂളുകൾ 2025-26 അധ്യയന വർഷം അവസാനിക്കുമ്പോൾ അടച്ചുപൂട്ടും. ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. അടുത്ത വർഷം വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ശ്രദ്ധാപൂർവമായ ഒരു മാറ്റം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” രക്ഷിതാക്കളോട് സ്കൂള്‍ അധികൃതർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സ്കൂളിന് പണം നൽകുന്നത് നിർത്തിയെന്ന് ഒരു വിദ്യാർത്ഥി തൻ്റെ രക്ഷിതാവിനോട് പറഞ്ഞതായി എമിലിൻ വൈനികോളോ പറഞ്ഞു. “ഞങ്ങളുടെ സ്കൂളിന് പണം നൽകിയിരുന്ന ആൾക്ക് (സക്കർബർഗ്) ഇനി പണം നൽകാൻ താൽപ്പര്യമില്ലെന്ന് എൻ്റെ മകൻ അധ്യാപകൻ പറയുന്നത് കേട്ടു,” അവർ കൂട്ടിച്ചേർത്തു.

പ്രീസ്‌കൂൾ കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ എട്ടാം ക്ലാസ് വരെ ഓരോ വർഷവും ഓരോ ഗ്രേഡ് എന്ന രീതിയിൽ വികസിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. സ്കൂൾ അടച്ചുപൂട്ടുന്നതിനുള്ള കാരണം വ്യക്തമാക്കാത്തത് പലവിധത്തിലുള്ള സംശയങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്.

അതേസമയം, സക്കർബർഗ് ട്രംപ് ഭരണകൂടവുമായി കൂടുതൽ അടുക്കുന്നുവെന്നും ഇത് ആഗോളതലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുവെന്നും വാദങ്ങളുണ്ട്. മെറ്റായിൽ സക്കർബർഗ് ഇതിനോടകം തന്നെ വൈവിധ്യം, ഇക്വിറ്റി, ഉൾപ്പെടുത്തൽ (DEI) പ്രോഗ്രാമുകൾ ഇല്ലാതാക്കി. “പശ്ചാത്തലം പരിഗണിക്കാതെ എല്ലാവർക്കും പക്ഷപാതരഹിതമായ രീതികൾക്ക് മുൻഗണന നൽകുന്നു” എന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്.