
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ, ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള പിറവി ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി. ഇതിനൊപ്പം കുടുംബ സംഗമവും നടത്തി.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫീസിൽ എത്തി. ശക്തമായ ഒരു തിരിച്ചു വരവ് അമ്മ സംഘടന നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘അമ്മയിൽ’ പുതിയ കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലുമായി ചർച്ച നടത്തിയെന്നും പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു കൊണ്ട് എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, രാജിവെച്ച കമ്മിറ്റിയെ തന്നെ വീണ്ടും കൊണ്ട് തിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു. സുരേഷ് ഗോപി സ്നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധർമ്മജൻ ബോൾഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ചറപറാ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. തുടർന്ന്, അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്‍റായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മൊത്തമായി ഒഴിഞ്ഞു മാറിയത്.