കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൃശ്ശൂർ പൂര വിവാദ സമയത്ത് സുരേഷ് ഗോപി എത്തിയത് ആംബുലൻസിലാണെന്ന് വിഷയം വിവാദമായതിന് പിന്നാലെ താൻ ആംബുലൻസിലല്ല വന്നതെന്ന വാദം സുരേഷ് ഗോപി ഉയർത്തിയിരുന്നു. എന്നാൽ ഈ യാത്ര വീഡിയോ സഹിതം പലരിലും തെളിവായി നിൽക്കുന്ന പക്ഷം ഈ തന്റെ ന്യായീകരണത്തിലുറച്ച് നിൽക്കാതെ താൻ യാത്രമധ്യേ തന്റെ ഒരുകൂട്ടം ഗുണ്ടാ സംഘം ആക്രമിക്കാൻ എത്തിയതിന്റെ ഭാഗമായാണ് താൻ ആംബുലൻസിലേക്ക് യാത്ര ചെയ്തതെന്ന് സുരേഷ് ഗോപി സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്.
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി രംഗത്ത് എത്തിയത്. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിക്ക് ഓർമ്മ പോയ മട്ടാണെന്നാണ് ധനമന്ത്രിയുടെ പരിഹാസം. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി ഓർമ്മയില്ലാതെ പെരുമാറുന്നത് വലിയ കഷ്ടമാണ്. തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേയെന്ന് ബാലഗോപാൽ ചോദിച്ചു. ചിലർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചെറുപ്പക്കാർ ചേർന്ന് ആംബുലൻസിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓർമ്മ അന്ന് പോയതാണെന്നും ബാലഗോപാൽ പറഞ്ഞു.
തൃശൂർ പൂരം കലക്കാൻ ശ്രമം നടന്നു. ഇതെല്ലാം ഒരു ആസൂത്രണത്തിലൂടെ ചെയ്യുന്നതാണെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു. പാലക്കാട് സീറ്റ് വലിയ രീതിയിൽ ബിജെപി വോട്ട് പിടിക്കുന്ന സ്ഥലമാണ്. അവിടെ മത്സരിച്ചാൽ കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല. ഇടതുപക്ഷം ജയിക്കാം. കോൺഗ്രസ് സഹായിച്ചാൽ ബിജെപിക്ക് ഗുണം കിട്ടും.
വടകരയിൽ ഇടതുപക്ഷത്തിന് സാധ്യതയുള്ളതു കൊണ്ട് അവിടത്തേക്ക് അഡ്ജസ്റ്റ് ചെയ്ത് മത്സരിക്കാൻ തീരുമാനിച്ചു. വടകരയിൽ ബിജെപിയുടെ വോട്ട് കൂടി കോൺഗ്രസ് പിടിച്ചു. ഇവിടെ കിട്ടിയാൽ അപ്പുറത്ത് കൊടുക്കണമല്ലോ. അതിൻ്റെ ഭാഗമായി തൃശൂരിൽ വോട്ട് കൊടുത്തു. ഇടതുപക്ഷം തോറ്റു. പക്ഷേ വോട്ട് കുറഞ്ഞില്ല. അവിടെ കോൺഗ്രസിൻ്റെ വോട്ട് കുറഞ്ഞു. അത് സുരേഷ് ഗോപിക്ക് കിട്ടിയെന്നും കെ എൻ ബാലഗോപാൽ ആരോപിച്ചു.