
തിരുവനന്തപുരം : 68ന്റെ നിറവിലാണ് ഇന്ന് മലയാളക്കര. കേരളത്തിന്റെ പിറന്നാൾ ദിനത്തിൽ കേരളത്തിന് ചരിത്രപ്രാധാന്യം നൽകുന്ന സുപ്രധാന തീരുമാനവുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. 68ന്റെ നിറവിലുള്ള കേരളത്തിൽ സംസ്ഥാനത്തിന്റെ 68 വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നു എന്ന സുപ്രധാന തീരുമാനമാണത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിന് പിറന്നാൾ സമ്മാനമെന്ന രീതിയിൽ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ശൗചാലയസംവിധാനങ്ങൾ തുടങ്ങിയ ശുചിത്വമാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ചാരികൾക്ക് വിസ്മയം ഒരുക്കുന്നതിനൊപ്പം ശുചിത്വമികവിലും ഹരിത ടൂറിസം കേന്ദ്രങ്ങൾ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് മാതൃകയാകും. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുക.
കാസർകോട് ബേക്കൽകോട്ട, വയനാട് കാരാപ്പുഴ ഡാം, കോഴിക്കോട് ലോകനാർകാവ് ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കണ്ണൂർ ജബ്ബാർകടവ്, നിലമ്പൂർ തേക്ക് മ്യൂസിയം, ഇടുക്കി കാൽവരി മൗണ്ട്, എറണാകുളം പാണിയേലിപോര്, ആലപ്പുഴ വിജയ ബീച്ച് പാർക്ക്, വാടിക (കോട്ട മൈതാനം, പാലക്കാട്), പത്തനംതിട്ട, അടവി ഇക്കോ ടൂറിസം കേന്ദ്രം തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുക. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക സംഘംസ്ഥലം സന്ദർശിച്ച് വിലയിരുത്തിയതിന് ശേഷമായിരുന്നു കേന്ദ്രങ്ങളെ തെരഞ്ഞെടുത്തത്.
അതേ സമയം കേരള പിറവി ദിനത്തിൽ മലയാളികൾ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ ഒരേപോലെ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുകയാണ്. സ്ത്രീകൾ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും വസ്ത്രവും ധരിക്കുന്നു. അഞ്ചു ജില്ലകൾ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലായ കേരളത്തിന് ഓരോ പിറന്നാൾ ദിവസവും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്.
ഏവർക്കും കേരളപ്പിറവി ആശംസകൾ…