തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉലകം ചുറ്റും വാലിബനോ? പിണറായി വിജയൻ വിദേശത്ത് ചെലവഴിച്ചത് 6 മാസം എന്ന് വിവരവകാശ മറുപടി. 173 ദിവസത്തോളം പിണറായി വിദേശ യാത്രയിൽ ആയിരുന്നുവെന്ന മറുപടി നൽകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോട്ടോക്കോൾ വകുപ്പാണ്. കെ. പി. സി.സി സെക്രട്ടറി അഡ്വ. സി. ആർ. പ്രാണ കുമാറിൻ്റെ വിവരവകാശ ചോദ്യത്തിനാണ് പ്രോട്ടോക്കോൾ വകുപ്പ് മറുപടി നൽകിയത്.
2016, 2017, 2018, 2019, 2022, 2023, 2024 എന്നീ 7 വർഷങ്ങളിൽ ആയിരുന്നു പിണറായിയുടെ 6 മാസത്തെ വിദേശ യാത്ര. കോവിഡ് പടർന്ന് പിടിച്ച കാലമായ 2020 ലും 2021 ലും പിണറായി വിദേശ യാത്ര നടത്തിയില്ല. 2016 ൽ യു.എ.ഇ യിലേക്കായിരുന്നു മുഖ്യമന്ത്രിയായതിനു ശേഷമുള്ള പിണറായിയുടെ ആദ്യ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ യാത്രയിൽ പിണറായിയെ അനുഗമിച്ചിരുന്നു.
2017 ൽ പിണറായി 5 ദിവസം ബഹറിൻ സന്ദർശിച്ചു. നളിനി നെറ്റോ ഈ യാത്രയിലും പിണറായിയെ അനുഗമിച്ചു. 2018 ൽ 3 തവണ അമേരിക്കയും ഒരു തവണ യു.എ.ഇയും സന്ദർശിച്ചു. 2019 ൽ നെതർലൻ്റ്സ്, സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, യു.കെ, ജപ്പാൻ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 2 തവണ യു.എ. ഇയും സന്ദർശിച്ചു. കോവിഡ് പിടി പടർന്നതോടെ 2020 ലും 2021 ലും മുഖ്യമന്ത്രി വിദേശയാത്ര നടത്തിയില്ല.
2022 ൽ അമേരിക്കയിൽ രണ്ട് തവണയും യു.എ. ഇ യിൽ രണ്ട് തവണയും സന്ദർശിച്ചു. കൂടാതെ 2022 ൽ നോർവെ, യു.കെ യിലും സന്ദർശിച്ചു. 2023 ൽ അമേരിക്ക, ക്യൂബ, യു.എ. ഇ എന്നിവിടങ്ങൾ സന്ദർശിച്ച പിണറായി 2024 ൽ പറന്നത് ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ. ഇ എന്നിവിടങ്ങളിലേക്കായിരുന്നു.
മിക്ക യാത്രയിലും ഭാര്യ കമല, കൊച്ചു മകൻ ഇഷാൻ, മകൾ വീണ വിജയൻ എന്നിവർ പിണറായിയെ അനുഗമിച്ചിരുന്നു. എന്നാൽ വിവരവകാശ മറുപടിയിൽ പിണറായിയെ അനുഗമിച്ചവരുടെ ലിസ്റ്റിൽ മകൾ വീണ വിജയൻ്റെ പേര് അപ്രത്യക്ഷമായി. മാസപ്പടി കേസിൽ വീണ വിജയൻ പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ വീണ വിജയൻ്റെ പേര് അപ്രത്യക്ഷമായതിൽ ദുരൂഹത ഉണ്ടെന്നാണ് അഡ്വ.സി.ആർ പ്രാണകുമാർ ആരോപിക്കുന്നത്.
പിണറായിയോടൊത്തുള്ള വിദേശ യാത്രയിൽ വീണ വിജയൻ തൻ്റെ കമ്പനി എക്സാ ലോജിക്കിനു വേണ്ടി എന്തെങ്കിലും ബിസിനസ് ഇടപാട് നടത്തിയോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പിണറായിയെ അനുഗമിച്ചവരുടെ ലിസ്റ്റിൽ നിന്ന് മകൾ വീണ വിജയൻ അപ്രത്യക്ഷനായതും.