തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിർമ്മാണ പ്രവർത്തികളുടെ 90 ശതമാനവും നേടുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ എത്തിയതിനു ശേഷം ഊരാളുങ്കലിന്റെ വളർച്ച ശരവേഗത്തിലായിരുന്നു. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം പതിനായിരം കോടിക്ക് മുകളിലുള്ള പ്രവൃത്തികളാണ് ഊരാളുങ്കലിന് ലഭിച്ചത്. ക്ലിഫ് ഹൗസിലെ നീന്തൽ കുളം മുതൽ സെക്രട്ടറിയേറ്റിലെ നിർമ്മാണ പ്രവർത്തനവും വിവിധ സർക്കാർ പ്രോജക്റ്റുകളും ഊരാളുങ്കലിനാണ്.
ഇപ്പോഴിതാ ഒരു പടികൂടി കടന്ന് സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെയും ഭരണത്തിന്റെയും ചുമതലയും ഊരാളുങ്കലിനെ ഏൽപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിനുവേണ്ടിയുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചതിന്റെ രേഖകൾ മലയാളം മീഡിയ ലൈവിന് ലഭിച്ചു.
കൊല്ലം ശ്രീനാരായണ സമുച്ചയത്തിന്റെ തുടർ നടത്തിപ്പിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പോലുള്ള പരിചയസമ്പന്നരായ ഒരു ഏജൻസി ഏൽപ്പിച്ച് വർഷം മുഴുവനും പരിപാടികൾ നടത്തി അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് പറയുന്ന ഉത്തരവിൽ ഊരാളുങ്കലിനെ ഉദാഹരിച്ചത് തന്നെ സംശയാസ്പദമാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിലെ 11 ജില്ലകളിൽ സംസ്‌കാരിക നായകരുടെ പേരിൽ ഓരോ സാംസ്‌കാരിക സമുച്ചയം ആരംഭിക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ കൊല്ലത്ത് സ്ഥാപിച്ച സാംസ്‌കാരിക സമുച്ചമാണ് ശ്രീനാരായണ ഗുരുവിൻ്റേത്. ഇതിന്റെ നടത്തിപ്പ് ചുമതലയാണ് ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. സർക്കാർ തുടങ്ങുന്ന സ്ഥാപനങ്ങൾ സർക്കാർ നടത്തണമെന്ന ചട്ടമുള്ളപ്പോഴാണ് സിപിഎമ്മിന്റെ പിന്നാമ്പുറ പിന്തുണയുള്ളതും മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം പോലെ കാണുന്നതുമായ ഊരാളുങ്കലിന് ഒരു സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല കൈമാറാൻ ഒരുങ്ങുന്നത്.
ഊരാളുങ്കലിന്റെ ജീവാത്മാവ് മുഖ്യമന്ത്രി പിണറായി വിജയൻ പരമാത്മാവ് സിപിഎമ്മുമാണ്. കേരളത്തിൽ ഇന്ന് സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗത്തിന്റെയും ചുമതല ലഭിക്കുന്നത് ഊരാളുലങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്. ടെണ്ടറില്ലാതെ കോടികളുടെ പ്രവൃത്തികൾ മുഖ്യമന്ത്രി ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ വഴി കോടികളുടെ പ്രവൃത്തികൾ നിയമസഭയിലും ഊരാളുങ്കലിന് ലഭിച്ചു. പിണറായി മുഖ്യമന്ത്രിയായതിനുശേഷം 6511.70 കോടി രൂപയുടെ പ്രവൃത്തികൾ ഊരാളുങ്കലിന് നൽകി എന്നാണ് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കിയത്.
പിണറായി കാലത്ത് 4681 സർക്കാർ, പൊതുമേഖല പ്രവൃത്തികൾ ഊരാളുങ്കലിന് ലഭിച്ചു. ഇതിൽ 3613 പ്രവൃത്തികളും ടെണ്ടർ കൂടാതെയാണ് ഊരാളുങ്കലിന് ലഭിച്ചത്. സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം അധിക പലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഒരു വർഷത്തിൽ കൂടുതൽ കാലയളവിൽ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരൻമാർക്ക് 8.5 ശതമാനവും മുതിർന്ന പൗരൻമാർക്ക് 9 ശതമാനം നിരക്കിലും ഊരാളുങ്കൽ പലിശ നൽകും. 2023 ഫെബ്രുവരി 28 വരെ 2255.37 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഊരാളുങ്കലിൽ ഉണ്ട്. ശ്രീരാമകൃഷ്ണന്റെ മകൾ മുതൽ സിപിഎമ്മിന്റെ നൂറുകണക്കിന് വിശ്വസ്തർ വരെ ഊരാളുങ്കലിൽ ജോലി ചെയ്യുന്നുണ്ട്. പിണറായി മുഖ്യമന്ത്രി കസേരയിൽ തുടർന്നാൽ ഭാവിയിൽ സെക്രട്ടറിയേറ്റിന്റെ നടത്തിപ്പും ഊരാളുങ്കലിനെ ഏൽപിച്ചാൽ അൽഭുതപ്പെടേണ്ട.