ന്യൂഡൽഹി: എല്ലാ പൊതുജനങ്ങൾക്കും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലി ദിനത്തിൽ എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും ഒത്തുചേർന്ന ജീവിതം ആശംസിക്കുന്നു. മഹാലക്ഷ്മിയുടെയും വിഘ്നേശ്വരന്റെയും അനുഗ്രഹത്താൽ ഏവർക്കും ഐശ്വര്യം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതേസമയം, സർദാർ വല്ലഭായ് പട്ടേലിന്റെ പിറന്നാളായ ഇന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. 2014 മുതൽ സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നു രാഷ്ട്രീയ ഏകതാ ദിവസായി ആദരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. തുടർന്ന് ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലി.
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഏകതാ ദിവസ് പരേഡിൽ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, കേന്ദ്ര ഭരണ പ്രദേശത്തെ പോലീസ്, നാല് കേന്ദ്ര സായുധ പോലീസ് സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു.
“ഭാരത രത്‌ന സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനത്തിൽ, ഞാൻ അദ്ദേഹത്തിന് എൻ്റെ അഗാധമായ ആദരവ് അർപ്പിക്കുന്നു. രാഷ്ട്രത്തിൻ്റെ ഐക്യവും പരമാധികാരവുമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പരമമായ മുൻഗണനകൾ. അദ്ദേഹത്തിൻ്റെ വ്യക്തിത്വവും പ്രവൃത്തികളും നമ്മുടെ രാജ്യത്തെ ഓരോ തലമുറയെയും പ്രചോദിപിക്കുന്നതാണ് ,” മോദി ട്വീറ്റ് ചെയ്തു.