ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അസാധ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയുടെ ഈ ആശയം നടക്കില്ല. കാരണം ഇത് പാര്‍ലമെന്റില്‍ വരുമ്പോള്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കണം, അപ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. അതിനാല്‍ തന്നെ ഇത് ഒരിക്കലും നടക്കില്ല. ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന ദേശീയ ഐക്യദിന പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ പറ്റി പറഞ്ഞത്.
ഞങ്ങള്‍ ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുകയാണ്, അത് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വിഭവങ്ങളുടെ മികച്ച ഫലം നല്‍കുകയും രാജ്യം സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പുതിയ വേഗത കൈവരിക്കുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍രെ പ്രസ്താവന. വണ്‍ നേഷന്‍ വണ്‍ പവര്‍ ഗ്രിഡിലൂടെ രാജ്യത്തെ ഊര്‍ജ മേഖലയെ ഞങ്ങള്‍ ശക്തിപ്പെടുത്തി.
വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡിലൂടെ ദരിദ്രര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ ഞങ്ങള്‍ സംയോജിപ്പിച്ചു. വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്ന സൗകര്യം രാജ്യത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത്. ഇനി സംഭവിക്കാന്‍ പോകുന്നത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് തന്നെ മോദിയുടെ ഈ പ്രസ്താവനയെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു.