മലയാള സിനിമയുടെ ശാലീന സുന്ദരി സംവൃത സുനിലിന് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ. കെ ടി സുനിലിന്റേയും സാജ്നയുടെയും മകളായി 1986 ഒക്ടോബർ 31 നു കണ്ണൂരിൽ ജനനം. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006-ൽ ശ്രീകാന്ത് നായകനായ “ഉയിർ” എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും “എവിടെന്തേ നാകേന്തി” എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ഈ ചിത്രം വൻ ഹിറ്റായി. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു.
എന്നാൽ 2012 ൽ വിവാഹം കഴിഞ്ഞതോടെ സിനിമ ലോകത്തോട് താരം വിട പറഞ്ഞു. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഒരു സിനിമയിൽ അഭിനയിച്ച സംവൃത ചാനൽ പരിപാടികളിൽ സാന്നിധ്യം അറിയിക്കാറുണ്ട്. ഇടക്ക് അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് എത്താറുള്ള സംവൃത ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയാണ്.