ചിയ സീഡ്‌സ് എന്നത് ഇന്നത്തെ കാലത്ത് കൂടുതലായി കേൾക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണപത്ഥാർത്ഥമാണ്. കാണാൻ കടുകുമണിയേക്കാൾ കുഞ്ഞനെങ്കിലും ശരീര സൗന്തര്യത്തിനും ശരീര ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ചിയാ സീഡ്സ്.
സീഡ്സ് വർഗത്തിൽ ഒട്ടനവധി വെറൈറ്റികൾ ഇന്ന് വിപണിയിൽ ലഭ്യമായതിനാൽ ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലരിലുമുണ്ടാകാറുണ്ട്. എന്നാൽ, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്. ഒരു തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ് . ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ദിവസവും 1, 2 ടേബിൾ സ്പൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നൽകുന്ന ഗുണങ്ങൾ പലതാണ്.
ചിസ സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഫൈബർ, പ്രോട്ടീൻ സമ്പുഷ്ടമായതാണ് ഒരു കാര്യം. നാരുകൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ തന്നെയാണ്.
പല രോഗാവസ്ഥകൾക്കും കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നായ ഇൻഫ്‌ളമേഷൻ അഥവാ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണ് ചിയ സീഡ്‌സ് . ക്യാൻസർ, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങൾ, സന്ധിവേദന തുടങ്ങിയ പല രോഗങ്ങൾക്കും കാരണം ശരീരത്തിലുണ്ടാകുന്ന ഇൻഫ്‌ളമേഷനാണ്. അതിനാൽ തന്നെ ഇൻഫ്‌ളമേഷൻ അഥവാ വീക്കം കുറയ്ക്കാൻ ചിയാ സീഡ് ഉപയോഗിക്കാം.
അത് മാത്രമല്ല പ്രോട്ടീൻ സമ്പുഷ്ടമായ ഇത് മസിൽ ആരോഗ്യത്തിന് സഹായിക്കും. ഇതിൽ കാൽസ്യം ധാരാളമുണ്ട്. പാലിലുള്ളത്രത്തോളം കാൽസ്യം ഈ വിത്തുകളിലുമുണ്ട്. പാലുൽപന്നങ്ങൾ കഴിയ്ക്കാൻ താൽപര്യപ്പെടാത്തവർക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ചിയ സീഡ്‌സ്.
മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് ചിയ സീഡ്‌സ് നല്ലൊരു മരുന്നാണ്. ഇതിലെ നാരുകൾ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. ഫൈബറുകൾ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾക്ക് പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതേ പോലെ ചർമത്തിനും മുടിയ്ക്കുമെല്ലാം നല്ലതാണ് ചിയ സീഡ്‌സ്. അത് മാത്രമല്ല ഗർഭിണികൾക്കും ഇത് മിതമായ തോതിൽ കഴിച്ചാൽ നല്ല ഗുണം ചെയ്യുന്ന ഒന്നാണ് ചിയ സീഡ്‌സ് .
അതേ സമയം അമിതമായ അളവിൽ ചിയ സീഡ്‌സ് കഴിക്കുന്നത് അപകടകരമാണ്. കാരണം നാരുകൾ ഉള്ളതിനാൽ വയർ വീർക്കുന്നത് പോലെ തോന്നാൻ ചിയാ സീഡിന്റെ അമിത ഉപയോഗം കാരണമായേക്കും. പ്രത്യേകിച്ചും കൂടുതൽ നാരുകൾ ഉള്ള മറ്റു ഭക്ഷണങ്ങൾ കഴിയ്ക്കുന്നവരെങ്കിൽ. അതിനാൽ നാരുകളടങ്ങിയ ഭക്ഷണം അധികം കഴിയ്ക്കുന്ന ദിവസം ചിയ സീഡ്‌സ് കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്.
ചിയ സീഡ്‌സ് എങ്ങനെ കഴിക്കണം
ഏകദേശം ഒന്നര ടേബിൾസ്പൂൺ മുതൽ 2 സ്പൂൺ വരെ ചിയ സീഡ്‌സ് ഒരു ദിവസം കഴിക്കാം. ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും കഴിക്കാം. വെള്ളം , പാൽ , ജ്യൂസ് , ഷെയ്ക്സ് പോലുള്ള എന്തെങ്കിലും ഭക്ഷണത്തിൽ ഇട്ടു കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഒരുപാട് വെളളം കുടിക്കുന്ന പ്രകൃതകാരനാണ് ചിയാ സീഡ്സ്. അതുകൊണ്ട് ചിയാസീഡ്സ് കഴിക്കുന്ന ദിവസം വെള്ളം ഇടയ്ക്ക് ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്.