പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ റിമാൻഡിലായിരിക്കുകയാണ്. ഇപ്പോഴിതാ, കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെയും കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. പ്രശാന്തിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ പറയുന്നത്.
“പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്നു പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണമെന്നും” ഹരീഷ് കുമാർ ആവശ്യപ്പെട്ടു. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേർന്നേക്കുമെന്നാണ് വിവരം. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ആയിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുന്നത്.
അതിനിടയിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരുകയാണ്. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. അതേസമയം, പി പി ദിവ്യയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി പി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നവംബർ 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.