യുക്രൈനുമായുള്ള യുദ്ധം നിർണായകഘട്ടത്തിലേക്കടുക്കുന്ന സമയത്ത് ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുദ്ധത്തിൽ നാറ്റോ സഖ്യം ദീർഘദൂര ക്രൂസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിൻ പറഞ്ഞു. തങ്ങൾ പുതിയൊരു ആയുധ മത്സരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുതിൻ, എന്തിനും തയ്യാറായി നിൽക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തൽ. റഷ്യ – യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിക്കളഞ്ഞിരുന്നു.
വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ എന്തു തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു