
കൊച്ചി : സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയായും ഗായികയുമായ ഉത്തര കൃഷ്ണയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയാണ്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നെത്തുന്നത്. അതേസമയം, അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സംഗീതം പകർന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ വ്യക്തമാക്കിയിരുന്നു.

ചെറിയ കാലയളവിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സംഗീത സംവിധായകൻ ദീപക് ദേവിന്റെ കൂടെ മ്യൂസിക് പ്രോഗ്രാമറായാണ് സുഷിൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കിസ്മത്ത്, എസ്ര, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, കുറുപ്പ്, ഭീഷ്മപർവ്വം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ബോഗയ്ൻവില്ല തുടങ്ങിയ സിനിമകൾക്ക് സുഷിൻ സംഗീതം പകർന്നു. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, സപ്തമ ശ്രീ തസ്ക്കരാ, റോസാപ്പൂ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിൽ സുഷിൻ ഗാനങ്ങൾ പാടിയിട്ടുമുണ്ട്.