തിരുവനന്തപുരം : മേയർ ഡ്രൈവർ തർക്കത്തിൽ ഡ്രൈവറുടെ ഹർജി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. മേയർ ആര്യ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേണം വേണമെന്ന് കാണിച്ച് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിൽ യാതൊരു നടപടിയുമില്ലെന്ന് കാണിച്ചായിരുന്നു യദുവിന്റെ ഹർജി. പ്രത്യാകമായൊരു അന്വേഷണം കോടതിയുടെ വിലപ്പെട്ട സമയനഷ്ടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
കേസന്വേഷണത്തിന് വേണ്ടുന്ന കാര്യങ്ങൾ പെട്ടന്ന് തന്നെ ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികൾ യാതൊരു കാരണത്താലും ഡ്രൈവറെ സ്വാധീനിക്കാൻ അവസരമുണ്ടാകരുതെന്ന പ്രത്യാക നിർദ്ദേശവും ഇതിന്റെ ഭാഗമായി കോടതി നൽകിയിരിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ , മേയറുടെ ഭർത്താവായ സച്ചിൻ ദേവ് എംഎൽഎ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
മേയർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് യദു കോടതിയെ സമീപിക്കുന്നത്.
അതേസമയം, മാധ്യമശ്രദ്ധ നേടാനുള്ളതാണ് ഹർജിയെന്ന മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. അന്വേഷണം ശരിയായ ദിശയിലായതിനാൽ ഹർജി തള്ളണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനുവിന്റെ ആവശ്യം. കോടതി ഹർജി പരിഗണിച്ചശേഷം 12 ദിവസംകൊണ്ടാണ് പോലീസ് അന്വേഷണം നടത്തിയതെന്നും ഹർജി തള്ളിയാൽ അന്വേഷണം ഇഴയുമെന്നുമായിരുന്നു യദുവിന്റെ അഭിഭാഷകൻ അശോക് പി നായരുടെ വാദം.
കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്.