ദിവ്യയ്ക്ക് വേണ്ടി സിപിഎമ്മിന്റെ അന്യായം

പണവും അധികാരവും സ്വാധീനവുമുപയോഗിച്ച് ആരോടും എന്തും ചെയ്യാമെന്ന സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി തന്നെയാണ് പി.പി. ദിവ്യയുടെ അറസ്റ്റ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ കണ്ണൂരില്‍ വാഴാന്‍ അനുവദിക്കില്ലെന്ന അലിഖിത നിയമത്തിന്റെ ഇരയായിരുന്നു എഡിഎം നവീൻ ബാബു. എന്നാൽ സിപിഎമ്മിന്റെ ഈ അഹങ്കാരത്തിനും തിരിച്ചടി കിട്ടിയിരിക്കുകയാണ്‌.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും പൊലീസിനു മുന്നിലെത്താൻ നിർബന്ധിതയാവുകയും ചെയ്തതിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ മാത്രമല്ല തിരിച്ചടി നേരിടുന്നത്. നീതിക്കു നിരക്കാത്ത കാര്യങ്ങളെ പിന്തുണച്ച സിപിഎം കണ്ണൂർ ജില്ലാ നേതൃത്വവും ദിവ്യയ്ക്കൊപ്പം പ്രതിക്കൂട്ടിലായിരിക്കുകയാണ്. എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കാൻ ശ്രമിച്ച കണ്ണൂർ നേതൃത്വം നിലകൊണ്ടതു ന്യായത്തിന്റെ പക്ഷത്തല്ലെന്നു തെളിയിക്കുന്നതാണ് മുൻകൂർ ജാമ്യഹർജി തള്ളിയ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.

അതേസമയം, പിപി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യുന്നതിനായി പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ഇതോടെ ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കുറയും. ദിവ്യയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിക്കുന്നത്.

അറസ്റ്റിന് പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക.

എഡിഎമ്മിനെതിരെ കരുതിക്കൂട്ടിയുള്ള നീക്കമാണു ദിവ്യയുടേതെന്നാണു കോടതിയുടെ വിലയിരുത്തൽ. എന്നാൽ അഴിമതിക്കെതിരായ സദുദ്ദേശ്യ ഇടപെടലെന്നായിരുന്നു പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ദിവ്യയ്ക്കു നൽകിയ അതിരുവിട്ട പിന്തുണ കോടതി വിധിയോടെ പാർട്ടിയെ നിലയില്ലാക്കയത്തിലാക്കി. ജനവികാരവും തെളിവുകളുമെല്ലാം എതിരാണെങ്കിലും ദിവ്യ തെറ്റു ചെയ്തതായി സിപിഎം കണ്ണൂർ നേതൃത്വം വിശ്വസിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയെങ്കിലും ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നത് അതുകൊണ്ടാണ്.

നവീൻ ബാബുവിന്റെ മരണത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെ വാക്കുകളല്ല, ദിവ്യയുടെ ന്യായീകരണമാണു പാർട്ടി മുഖവിലയ്ക്കെടുത്തത്. പാർട്ടിക്കു വഴങ്ങി നിൽക്കുന്നതാണ് കണ്ണൂരിലെ പൊലീസ് സംവിധാനമെന്ന ആരോപണം നേരത്തേയുണ്ട്. ദിവ്യയ്ക്ക് സുരക്ഷിതമായി കീഴടങ്ങാൻ അവസരമൊരുക്കിയത് പൊലീസാണെന്നതിനു സിറ്റി കമ്മിഷണറുടെ ഇന്നലത്തെ വാക്കുകൾ തെളിവായി. ഒരേ സമയം ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയുമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ദിവ്യയുടെ അറസ്റ്റോടെ പ്രശ്‌നങ്ങളവസാനിക്കില്ലെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തതയുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments