വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ലോകത്താണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. എല്ലാവരും തങ്ങളുടെ ജീവിതത്തിലെ പ്രധാനമായ പലതും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അക്കൂട്ടത്തിൽ പെടാത്ത ഒരു താരമാണ് നടി സായ് പല്ലവി. അതേസമയം സായ് പല്ലവിയുടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന നിരവധിപേരാണ് ഉള്ളത്.
വർഷത്തിൽ ഒന്നോ രണ്ടോ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ഇടുമെന്നതൊഴിച്ചാൽ സായ് പല്ലവിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെല്ലാം ഉറക്കത്തിലാണ്. എന്നാൽ എന്തുകൊണ്ടാണ് താൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതെന്ന് സായ് പല്ലവി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. “ഒരു ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും എടുക്കും. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാന്‍ നേരം നൂറ് ചിന്തയാണ് മനസ്സിൽ കടന്നു വരുന്നത്. ഇതിപ്പോ റൊമ്പ മുഖ്യമാ എന്ന് വരെ ആലോചിക്കാറുണ്ടെന്നും സായ് പല്ലവി പറയുന്നു”.
ഈ ചിത്രം എല്ലാവരും കാണേണ്ട ആവശ്യം ഉണ്ടോ ? ഈ ചിത്രത്തിന് അത്രയ്ക്ക് പ്രാധാന്യമുണ്ടോ എന്നിങ്ങനെയൊക്കെ ആലോചിക്കുമ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്യും. അങ്ങനെ നിരവധി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും സായ് പല്ലവി പറയുന്നു.
അതേസമയം, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. പ്രേമത്തിലൂടെ മലർ ടീച്ചറായെത്തി മനം കവർന്ന താരം ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്. കൂടാതെ തെലുങ്കിലും തമിഴിലുമൊക്കെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായ് പല്ലവി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും സായ് പല്ലവി കയ്യടി നേടാറുണ്ട്. ശിവകാർത്തികേയൻ നായകനാകുന്ന അമരനാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.