മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കഴിഞ്ഞ ദിവസം കൂട്ടിയിടിച്ച വാർത്ത നമ്മൾ എല്ലാവരും കേട്ടിരുന്നു. വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചുകടന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാനായി പോലീസ് പൈലറ്റ് ജീപ്പ് ബ്രേക്കിട്ടപ്പോഴാണ് സംഭവം. എന്നാൽ ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിഞ്ഞിട്ടും ഇവിടെ യുവതിയുടെ നേർക്കാണ് ചിലർ കുറ്റം ചുമത്താൻ ശ്രമിക്കുന്നത്.
സ്‌കൂട്ടര്‍ യാത്രക്കാരി റോഡിന്റെ വലതുവശത്തേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍, അവരെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതാണ് കൂട്ടയിടിക്ക് കാരണമായത്. ഇതു കൊണ്ട് തന്നെ എല്ലാം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ആ യുവതി ഇന്‍ഡികേറ്റര്‍ ഇട്ടാണ് തിരിയാന്‍ നിന്നത്. എല്ലാ നിയമവും ലംഘിച്ച് അതിവേഗമെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണ് ആ യുവതിയുടെ കരുതല്‍ ഉണ്ടായിട്ടും കൂട്ടിയിടിയിലേക്ക് കാര്യങ്ങളെത്തിച്ചത്. തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍ പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം വ്യക്തമായത്.
ആറ് അകമ്പടി വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തില്‍ ഓവര്‍ടേക്കിന് ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. ഒടുവിൽ കമാന്‍ഡോ വാഹനം ഉള്‍പ്പടെയുള്ള പൊലീസ് ജീപ്പുകള്‍ തകരാറിലായി വഴിയില്‍ കിടന്നു. എന്തായാലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. കേരളത്തിലെ മുഖ്യമന്ത്രി ഇത്ര വേഗതയില്‍ പായേണ്ട എന്താവശ്യമാണുള്ളതെന്ന ചോദ്യം കൂടി ഉയര്‍ത്തുന്നതാണ് വാമനപുരം അപകടം.
മുന്നിലുള്ള വാഹനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പിന്തുടരുന്ന ടെയില്‍ ഗേറ്റിങ് എന്നുവിളിക്കുന്ന അപകടകരമായ ഡ്രൈവിങ്ങാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നടക്കുന്നത്. ഇത് വിവിഐപികള്‍ക്ക് അനുവദനീയമാണ്. എന്നാല്‍ മുന്നിലുള്ള വാഹനം ബ്രേക്കുചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റ് വാഹനങ്ങള്‍ പാലിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇവിടെ അതുണ്ടായില്ല. അതിനാൽ തന്നെ ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത് എന്നുതന്നെ പറയാം.
സാധാരണ വാഹനവ്യൂഹം പെട്ടെന്ന് വേഗംകൂട്ടുകയും കുറയ്ക്കാറുമില്ല. പകരം കൃത്യമായ വേഗം നിശ്ചയിച്ചിരിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇതും പാലിച്ചില്ല. കൂടാതെ അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ഇരട്ട മഞ്ഞവരയുണ്ടായിരുന്നു. ഒരുകാരണവശാലും ഇത് മറികടക്കാന്‍ പാടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഇന്‍ഡികേറ്റര്‍ ഇട്ട് യുവതി തിരിഞ്ഞിട്ടും അപകടമൊഴിവാക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആദ്യ കാറിന് നിർത്താൻ കഴിയാതെ പോയത്. മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് ബാധകമാണ്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നുമില്ല. എന്നിട്ടും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്.