NewsVideos

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം’

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ജുഷ.

സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗമാണ് നടന്നത്. ആ സംഭവത്തില്‍ കലക്ടര്‍ ഇടപെടേണ്ടതായിരുന്നു. യോഗത്തില്‍ ദിവ്യയെ കൊണ്ടു വന്നിരുത്തി സംസാരിപ്പിക്കുകയോ, ലോക്കല്‍ ചാനലിനെ കൊണ്ടു വന്ന് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല. കലക്ടര്‍ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. കലക്ടര്‍ ഇടപെടേണ്ടതായിരുന്നു. ദിവ്യ പങ്കെടുക്കുമെന്ന കാര്യം കലക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, കലക്ടറേറ്റിലെ ജീവനക്കാരോട് മാധ്യമങ്ങള്‍ അന്വേഷിക്കണം. തനിക്ക് ഇതില്‍ വ്യക്തമായ അറിവില്ല എന്നായിരുന്നു മഞ്ജുഷയുടെ മറുപടി.

ഈ വേദിയിലല്ല അതു സംസാരിക്കേണ്ടതെന്ന് കലക്ടര്‍ക്ക് പറയാമായിരുന്നു. കലക്ടര്‍ക്ക് വേറെ വേദിയൊരുക്കാമായിരുന്നു. റവന്യൂ വകുപ്പില്‍ ഏറ്റവും നല്ലനിലയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു. ഇക്കാര്യം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം. പമ്പുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ല. മനപ്പൂര്‍വം ഫയല്‍ താമസിപ്പിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ. നവീന്‍ബാബുവിനെ മരണശേഷം മോശക്കാരനാക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം നിങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതല്ലേയെന്ന് മഞ്ജുഷ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *