സർക്കാർ ജീവനക്കാർക്ക് മെഡിസെപ് അധികബാധ്യത; തുടരെ തുടരെ പ്രശ്നങ്ങൾ, ഒടുക്കം കരാർ പുതുക്കൽ നടപടിയെടുക്കാതെ ധനവകുപ്പ്

Medisep scheme

തിരുവനന്തപും : മെഡിസെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാർ അവസാനിക്കാൻ ഇനി ചുരുങ്ങിയ മാസങ്ങളാണ് ബാക്കി. സർക്കാർ ഇതുവരെ പദ്ധതിയുടെ പുതുക്കൽ നടപടിയ്ക്ക് തയ്യാറായിട്ടില്ല. പദ്ധതി ഇനി മുന്നോട്ട് കൊണ്ട് പോകണമോ വേണ്ടയോ എന്നുള്ള സംശയമാണ് ഈ നടപടിയെടുക്കാൻ മടികാണിക്കുന്നതിന് പിന്നിൽ എന്നാണ് സൂചന. നിലവിൽ 2025 ജൂൺ 30-ന് അവസാനിക്കും. കരാർ പുതുക്കാൻ കമ്പനി സമീപിച്ചിട്ടും ധനവകുപ്പ് അനങ്ങിയിട്ടില്ല. സർക്കാർ ജീവനക്കാർക്ക് അധിക ബാധ്യതയാകുന്ന മെഡിസെപ് പദ്ധതിയിൽ തുടരെ തുടരെ പ്രശ്നങ്ങൾവരുന്നതുകൊണ്ട് കരാർ പുതുക്കൽ നടപടിയിലേക്ക് കടക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.

സർവീസ് സംഘടനകളുമായി ചർച്ച നടത്തിയിട്ടും പദ്ധതി കാര്യക്ഷമമാക്കാനുള്ള ഫലപ്രദമായ നിർദേശങ്ങളൊന്നും ഉയർന്നിട്ടില്ല. പലവിധ പ്രശ്നങ്ങളാണ് മെ‍‍‍ഡിസെപ്പുമായി ബന്ധപ്പെട്ട് ഉള്ളത്. അത് കൊണ്ട് തന്നെ മെഡിസെപ് തുടരുന്നത് ദുഷ്‌കരമാണെന്നും അതിനാലാണ് ടെൻഡർ നടപടികളിലേക്കു കടക്കാത്തതെന്നും അധികൃതർ പറയുന്നത്.

കമ്പനി പറയുന്നത് പ്രകാരം മാസ പ്രീമിയം 500 രൂപപ്രകാരം ഒരുവർഷത്തേക്കുള്ള 6000 രൂപ സർക്കാർ മുൻകൂറായി ഇൻഷുറൻസ് കമ്പനിക്കു നൽകണം എന്നതാണ് ചട്ടം. ഗുണഭോക്താക്കളിൽനിന്നും മാസംതോറും ഈ തുക ഈടാക്കും. ഒരാൾക്ക് മൂന്നു ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും.

ആദ്യവർഷം 600 കോടി രൂപ കിട്ടിയെങ്കിലും ക്ലെയിം നൽകാൻ 700 കോടിയായി. അതിനാൽ പ്രീമിയം കൂട്ടണമെന്ന് കമ്പനി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തിയെങ്കിലും പ്രീമിയം കൂട്ടാൻ സർവീസ് സംഘടനകൾ സമ്മതിച്ചിട്ടില്ല. നിലവിലെ മൂന്നുലക്ഷം കവറേജ് കൂട്ടണമെന്നാണ് ആവശ്യം. ആശുപത്രിയിൽ കിടത്തി ചികിത്സ ഉണ്ടായാലെ ഇപ്പോൾ ക്ലെയിം ലഭിക്കൂ. ഇത് ഒ.പി.ക്കും നടപ്പാക്കുക, ആയുർവേദ ചികിത്സയ്ക്കും പദ്ധതി നീട്ടുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

ഇതേ സമയം മറുവശത്ത് പദ്ധതി ഉപഭോക്തക്കളിലും അതൃപ്തിയുണ്ട്. മാസം അഞ്ഞൂറ് രൂപ പ്രീമിയമടച്ച് അം​ഗത്വം തുടരുന്ന പദ്ധതിയിൽ , ഓരോ കുടുംബത്തിനും മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപ പരിരക്ഷ നൽകുന്നു എന്ന് പറയുമ്പോഴും ഇതിന്റെ പകുതി തുക പോലും അം​ഗങ്ങൾക്ക് ഉപയോ​ഗപ്രഥമാകുന്നില്ല എന്നാണ് അവർ പറയുന്നത്. അതായത് മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് ജിവനക്കാർക്കും പെൻഷൻകാർക്കും യാതൊരു ഉപകാരവുമില്ലാതെ ബാധ്യതയായി മാത്രം മാറുന്നു എന്ന്.

മെഡിസെപിൽ ഓരോ കുടുംബത്തിനും മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപയാണ് പരിരക്ഷ. ഇതിൽ ഒരു വർഷം ഒന്നരലക്ഷത്തോളം രൂപ ഉപയോഗിക്കണം. അല്ലാത്തപക്ഷം ആ തുക അസാധുവാകുമെന്നായിരുന്നു കരാർ. ഇത് കൊണ്ട് തന്നെ പലപ്പോഴു തുക ഉപയോ​ഗിക്കാനാവാതെ പോകുകയാണ് എന്നതാണ് ഉപഭോക്താക്കളുടെ പ്രധാന പ്രശ്നം.

എന്തായാലും ഈ പദ്ധതി ഇനി നടത്തിപ്പോകാൻ ഉതകുന്നതെന്ന് കരുതുന്ന മാർ​ഗങ്ങൾ എന്ന് പറയുന്നത് പ്രീമിയം കൂട്ടി, താത്പര്യമുള്ളവർക്കു മാത്രം ചേരാൻ ഓപ്ഷൻ നൽകുക, ചേരാത്ത ജീവനക്കാർക്ക് മെഡിക്കൽ റീ-ഇംബേഴ്‌സ്‌മെന്റ് പുനഃസ്ഥാപിക്കുക എന്നതെല്ലാമാണ്. എന്നാലിത് സാമ്പത്തികബാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വാദം. റീ-ഇംബേഴ്‌സ്‌മെന്റിന്റെപേരിൽ ക്രമക്കേടിനും സാധ്യതയുണ്ട്. അതിനാൽ, റീ-ഇംബേഴ്‌സ്‌മെന്റ് പദ്ധതി ഉടച്ചുവാർക്കേണ്ടിവരും .

മെഡിസെപ് പദ്ധതിയിൽ ഇതുവരെ 5.52 ലക്ഷം ജീവനക്കാരും, 5.87 ലക്ഷം പെൻഷൻകാരും ഇവരുടെ ആശ്രിതരുമടക്കം 30 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 553 എംപാനൽഡ് ആശുപത്രികളിലായി 1920 ചികിത്സാപാക്കേജുകൾ ഉറപ്പു നൽകുന്നു എന്നതാണ് സർക്കാർ വാദം. ഒക്ടോബർ 15 വരെ മൊത്തം ഏഴേമുക്കാൽ ലക്ഷം ക്ലെയിമുകൾ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതി ​ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള ചികിത്സയ്ക്ക് 1519.58 കോടിരൂപ നൽകി എന്നാണ് പറയു്നത്. എന്നിട്ടും പദ്ധതി അവതാളത്തിലാണ് എന്നതാണ് വാസ്തവം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments