
തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് 13 രോഗികള്‍ക്ക് കണ്ണിന് അണുബാധ
ഛത്തീസ്ഗഡ്; തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് 13 രോഗികള്‍ക്ക് കണ്ണിന് അണുബാധ. ബസ്തര്‍ മേഖലയിലെ ദന്തേവാഡ ജില്ലയില്‍ നിന്നുള്ള രോഗികളാണ് റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. തുടര്‍ന്ന് രോഗികള്‍ക്ക് കൂട്ടത്തോടെ കണ്ണിന് അണുബാധ ഉണ്ടാവുകയും സംഭവത്തില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഡോക്ടര്‍മാരടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയും ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഒക്ടോബര്‍ 20 നായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് രണ്ടാഴ്ചയ്ക്കിടെ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായി ദന്തേവാഡ ജില്ലാ കളക്ടര്‍ മായങ്ക് പറഞ്ഞു. 80 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതില്‍ 13 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്ത കണ്ണില്‍ അണുബാധയുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. രോഗികള്‍ നിലവില്‍ റായ്പൂരിലെ ബിആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇതുവരെ ആര്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ബിആര്‍ അംബേദ്കര്‍ ആശുപത്രി വക്താവ് ശുഭ്ര താക്കൂര്‍ പറഞ്ഞു.