പാലക്കാട് : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവത്തിൽ സർക്കാരിനെയും പി പി ദിവ്യയെയും വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഐഎമ്മിന്റെ കുടുംബത്തിനാണ് നഷ്ടം സംഭവിച്ചത്. എന്നിട്ടു പോലും മനുഷ്യത്വം കാണിക്കാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ നിന്ന് ഏത് പൊലീസ് അന്വേഷിച്ചിട്ടാണ് കുടുംബത്തിന് നീതി കിട്ടുക ? ഞങ്ങള്‍ക്കൊരിക്കലും പ്രതീക്ഷയില്ലെന്ന് കെ സുധാകരൻ പറയുന്നു.
ഇത്രയും പ്രമാദമായ ഒരു മരണത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് നീതിപൂര്‍ണമായ അന്വേഷണം പോലും ഈ സര്‍ക്കാര്‍ നടത്തിയില്ല എന്നത് ചരിത്രത്തിലെ നഗ്നമായ നിയമലംഘനമാണ്. ഒരാഴ്ചക്കാലം മുഖ്യമന്ത്രി ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും കെ സുധാകരൻ പറയുന്നു. അതേസമയം, എന്തിനാണ് ദിവ്യ ഇത്ര പ്രക്ഷുബ്ദയായത് ? അവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ്. ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വാങ്ങേണ്ടത് കൃത്യമായി അവര്‍ വാങ്ങിയിട്ടുമുണ്ട്. ഇതിനകത്തും ഒരു ഷെയര്‍ അവര്‍ക്കുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. അത് കിട്ടാതെ പോയതാണ് ദിവ്യയുടെ വിഷമം. അല്ലാതെ പ്രശാന്തന് പമ്പ് കിട്ടാത്തതല്ലെന്നും കെ സുധാകരൻ പറയുന്നു. എന്തായാലും, നീതിക്കായി ഏത് അറ്റം വരെയും കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെ സുധാകരന് കൂട്ടിച്ചേർത്തു.