കാസർകോട് : കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ അപകടം. വെടിക്കെട്ടിന് ഉപയോഗിച്ചത് ചൈനീസ് പടക്കങ്ങൾ എന്ന് റിപ്പോർട്ട്. 24,000 രൂപയ്ക്ക് വാങ്ങിയ ചൈനീസ് പടക്കങ്ങളാണ് ഉത്സവത്തിനായി വാങ്ങിയതെന്ന് ക്ഷേത്രകമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലാണ് ഇരുവരും.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം ഇന്നലെ രാത്രി 12 മണിക്കാണ് പുറത്തേക്കു വന്നത്. ആ തോറ്റത്തിന്റെ തട്ടുകൊള്ളാതിരിക്കാൻ വേണ്ടി സ്ത്രീകളുൾപ്പെടെയുള്ളവർ സമീപമുള്ള ഷെഡിനകത്താണ് നിന്നത്. ഈ ഷെഡിനകത്തായിരുന്നു പടക്കങ്ങൾ വച്ചിരുന്നത്. തോറ്റത്തിന്റെ പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. ഇതു പൊട്ടിച്ചപ്പോൾ ഒരു ഗുണ്ട് പൊട്ടുകയും അതു സ്ത്രീകൾനിന്ന ഷെഡിന്റെ മുകളിൽപ്പോയി വീഴുകയും ചെയ്തു. അതിനകത്ത് തീപ്പൊരി വീഴുകയും മുഴുവൻ പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ത്രീകളും കുട്ടികളുമാണ് അകത്തുണ്ടായിരുന്നത്. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. 154 പേര്‍ക്ക് പരിക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽ ഭീമമായി പരിക്കേറ്റ 97 പേര് ചികിത്സയിലാണ്. എട്ടുപേരുടെ നില ഗുരുതരമാണെന്നും അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ജില്ല കളക്ടര്‍ ഇമ്പശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
80 ശതമാനം പൊള്ളലേറ്റ്, ചികിത്സയിൽ കഴിയുന്ന സന്ദീപ് എന്നയാളുടെ നിലയാണ് അതീവ ഗുരുതരം. സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇതിനു പുറമെ , കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും, സഞ്ജീവനി ആശുപത്രിയിൽ 10പേരും, ഐശാല്‍ ആശുപത്രിയിൽ 17 പേരും, കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിൽ കഴിയുന്നത്.