സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മരക്കൊമ്പിൽ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും കൗതുകം ജനിപ്പിക്കുന്നതാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ.
സെബിൻ ഷാഹിറിനെയും ബേസിൽ ജോസഫിനെയും ചെമ്പൻ വിനോദ് ജോസിനെയും പോസ്റ്ററിൽ കാണാം. അതേസമയം, ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന ബേസിലുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.