KeralaNewsPolitics

തോമസ് കെ തോമസിന് പൂട്ട് വീഴും, ഒപ്പം മുഖ്യനും

എൻസിപി എംഎൽഎ തോമസ് കെ തോമസിനെതിരെ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. കൂറുമാറാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിലാണ് ഉടൻ അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണത്തിനെതിരെ പരാതി നൽകുമെന്ന് തോമസ് കെ തോമസ് പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ പോലും ഇതുവരെ പരാതി നൽകാൻ തയാറായിട്ടില്ല. അതേസമയം, പരാതി നൽകിയാലും അന്വേഷണം ഇഴയും.

സാമ്പത്തിക വിഷയമായതിനാൽ അന്വേഷണം പ്രഖ്യാപിച്ചാൽ ഇ ഡി ഇടപെടുമോ എന്നാണ് സംസ്ഥാന സർക്കാരിന്റെ ഭയം. കാരണം ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. ഈ സമയത്ത് ഇ ഡി ഇടപെടൽ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണം ഉണ്ടായേക്കില്ല. അതേസമയം, തോമസ് കെ തോമസിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം ഗൗരവമേറിയതാണ്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനാണ് തോമസ് കെ തോമസ് ശ്രമിച്ചിരിക്കുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജുവിനെയും ആര്‍.എസ്.പി-ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയുമാണ് തോമസ് കെ. തോമസ് കൂറുമാറ്റാന്‍ ശ്രമിച്ചത്. 50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം. തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമാകുന്നത്.

ആരോപണം നിഷേധിച്ചുകൊണ്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി. ആരോപണം തള്ളി എന്‍.സി.പി ദേശീയ അധ്യക്ഷനായ ശരദ് പവാറിനോടും തോമസ് സംസാരിച്ചിരുന്നു. ഇതിനുപുറമെ രഹസ്യവിവരത്തില്‍ ഇരു എല്‍.ഡി.എഫ് എം.എല്‍.എമാരെയും മുഖ്യമന്ത്രി വിളിച്ചുവരുത്തുകയും ചെയ്തു. കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന് ആന്റണി രാജു സ്ഥിരീകരിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓര്‍മയൊന്നുമില്ലെന്നാണ് പ്രതികരിച്ചത്.

250 കോടിയുമായി അജിത് പവാര്‍ കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി കിട്ടുമെന്നും തോമസ് കെ. തോമസ് പറഞ്ഞതായാണ് ആന്റണി രാജു സ്ഥിരീകരിച്ചത്. മുന്‍ നിയമസഭാ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് തോമസ് കെ. തോമസ് എൽ.ഡി.എഫ് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അത്.

കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയിലെ എം.എല്‍.എമാരെ സ്വാധീനിച്ച് കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഭരണകക്ഷിയിലെ എം.എല്‍.എ തന്നെയാണ് കൂറുമാറ്റ ശ്രമം നടത്തിയിരിക്കുന്നത്. എന്തായാലൂം, വലിയ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. കൂടാതെ ഇക്കാര്യം അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി പോലീസിനെ കാര്യങ്ങള്‍ അറിയിച്ചില്ല എന്നതും ഗൗരവമേറിയ കുറ്റമാണ്.

Leave a Reply

Your email address will not be published. Required fields are marked *