ടെഹ്റാൻ : ഇസ്രയേലിനെ വിമർശിച്ച ഇറാന്റെ പരമോന്നത നേതാവിന് എക്സിന്റെ എട്ടിന്റെ പണി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപായിരുന്നു ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്.
ഇറാനിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ മറ്റൊരു അക്കൗണ്ട് തുടങ്ങിയത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ രൂക്ഷമായി വിമർശിക്കുന്ന 2 പോസ്റ്റുകളും ഖമനയി പങ്കുവച്ചു. “സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും ഉള്ളതെന്ന് അവർക്ക് ഉടൻ മനസ്സിലാകും” എന്നായിരുന്നു ഖമനയിയുടെ അവസാന പോസ്റ്റ്.