തിരുവനന്തപുരം : പാലക്കാട്, വയനാട്, ചേലക്കര എന്നിവിടങ്ങളിൽ അടുത്ത മാസം 2 ദിവസം സമ്പൂർണ ഡ്രൈ ഡേ. നവംബർ 13, 23 തീയതികളിലാണ് മദ്യനിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇവിടങ്ങളിൽ സമ്പൂർണ ഡ്രൈ ഡേ പ്രഖ്യാപിച്ചത്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, രണ്ട് നിയമസഭാ മണ്ഡലങ്ങളായ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 13 നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 നാണ് നടക്കുക. സമാധാന അന്തരീക്ഷം നിലനിർത്തുകയെന്നതടക്കമുള്ളവ മുൻനിർത്തിയാണ് വേട്ടെടുപ്പ് ദിനവും വോട്ടെണ്ണൽ നടക്കുന്ന ദിവസവും മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. ഈ സമയത്ത് ലൈസൻസില്ലാതെ മദ്യവിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.