തിരുവനന്തപുരം : എൻസിപി എംഎൽഎ തോമസ് കെ തോമസിനെതിരെ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. കൂറുമാറാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിലാണ് ഉടൻ അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണത്തിനെതിരെ പരാതി നൽകുമെന്ന് തോമസ് കെ തോമസ് പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ പോലും ഇതുവരെ പരാതി നൽകാൻ തയാറായിട്ടില്ല.
അതേസമയം, പരാതി നൽകിയാലും അന്വേഷണം ഇഴയും. സാമ്പത്തിക വിഷയമായതിനാൽ അന്വേഷണം പ്രഖ്യാപിച്ചാൽ ഇ ഡി ഇടപെടുമോ എന്നാണ് സംസ്ഥാന സർക്കാരിന്റെ ഭയം. കാരണം ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുകയാണ്. ഈ സമയത്ത് ഇ ഡി ഇടപെടൽ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണം ഉണ്ടായേക്കില്ല.
അതേസമയം, തോമസ് കെ തോമസിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം ഗൗരവമേറിയതാണ്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാനാണ് തോമസ് കെ തോമസ് ശ്രമിച്ചിരിക്കുന്നത്.