പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് തീരുമാനിച്ചിരുന്നത് കെ.മുരളീധരനെയായിരുന്നു എന്ന് തോന്നിക്കുന്ന കത്ത് ആയുധമാക്കി പ്രചരണത്തിനങ്ങാൻ തീരുമാനിച്ച ഇടത് മുന്നണി നിലപാട് മാറ്റി. കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ഈ കത്ത് ആയുധമാക്കിയാൽ പി സരിനെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി ഡമ്മിയാക്കിയ സഖാത്തിയുടെ കാര്യം പുറത്താകുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമുളള ഭയമാണ് ഈ നിലപാട് മാറ്റത്തിന് പിറകിൽ.
അതായത് പാർട്ടിക്കുള്ളിലെ സഖാവിനെ ഡമ്മി സ്ഥാനാർത്ഥിയാക്കിയ ഇടത് മുന്നണിയുടെ നടപടി തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തന്നെ പാരയാകാൻ സാധ്യതയുണ്ട്. എന്തായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത് ബിനുമോൾ കെയെയാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൽ പുറത്ത് വന്നിരിക്കുന്നത്. പാർട്ടി തീരുമാനത്തിന് പിന്നാലെ നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് വേണ്ടുന്ന കാര്യങ്ങളൊക്കെ ബിനുമോൾ കെ ചെയ്തിരുന്നു. ഇതിന്റെ കോപ്പിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
എന്നുവച്ചാൽ പി സരിൻ പാർട്ടിയിൽ നിന്ന് പുറത്ത് വരുമെന്ന് ഉറപ്പുണ്ടായിരുന്ന ഇടതുമുന്നണി ഒരു ഡെമ്മി സ്ഥാനാർത്ഥിയെ തയ്യാറാക്കി വച്ചിരുന്നു എന്ന്. പി സരിൻ ഇടത് മുന്നണിയിലെത്തിയ നിമിഷം പാലക്കാട്ടെ സഖാത്തിയെ പാർട്ടി ഒതുക്കുകയും ചെയ്തു . ഇത് പുറത്ത് വന്നാൽ നാണക്കേടാകുമെന്നതിനാലാണ് സഖാക്കൾ കോൺഗ്രസിനെതിരെ തയ്യാറാക്കിയ കത്ത് വിവാദം മുക്കാം എന്ന് തീരുമാനിച്ചത്. പക്ഷേ അതിന് മുമ്പേ പണി പാളി.. കാള്ളി വെളിച്ചത്തായി. ഇപ്പോഴിതാ ഈ വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകനായ വിടി ബൽറാം ഉൾപ്പെടെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
ഈ ഡമ്മി രാഷ്ട്രീയത്തെക്കുറിച്ചു കൂടി ചർച്ച ചെയ്യാൻ മാധ്യമങ്ങൾ ആർജ്ജവം കാണിക്കണം. പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അഥവാ സിപിഐ(എം)ന്റെ പേരിൽ നാമനിർദ്ദേശ പത്രിക നൽകിയിട്ടുള്ള ബിനുമോൾ കെ. അവർ സിപിഎമ്മുകാരി ആണെന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല.
കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമെന്നതിലപ്പുറം നിലവിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയാണ്. പാർട്ടിയുടെ ജില്ലയിലെ നേതൃനിരയിലെ പ്രധാന മുഖങ്ങളിലൊന്നാണ്. ഇങ്ങനെയൊരാൾ സ്ഥാനാർത്ഥിയായി കയ്യിലുണ്ടായിട്ടും എങ്ങനെയാണ് പാർട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാൾ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാവുന്നത്!
പണിയെടുക്കുന്ന പാർട്ടിക്കാർ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാർ ഔദ്യോഗിക സ്ഥാനാർത്ഥികളുമാവുന്നത്
എത്ര വലിയ നിലവാരത്തകർച്ചയാണ്, എത്ര വലിയ ഗതികേടാണ്, എത്ര വലിയ വഞ്ചനയാണ്, എത്ര വലിയ രാഷ്ട്രീയ അധാർമ്മികതയാണ് !! ഇത്തവണ പാലക്കാട് പോളിംഗ് ബൂത്തിലേക്ക് കടന്നുചെല്ലുന്ന ഒരു പരമ്പരാഗത സിപിഎം വോട്ടർ ബാലറ്റ് മെഷീനിലേക്ക് നോക്കുമ്പോൾ അതിലൊരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കാണാൻ കഴിയുമോ? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം കാണാൻ കഴിയുമോ?
ഇത് രണ്ടും കാണാനില്ലാത്ത അവസ്ഥയിൽ ആ വോട്ടറുടെ കമ്മ്യൂണിസ്റ്റ് മനസ്സ് എങ്ങോട്ടാണ് ചായുക?
പാലക്കാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരവസ്ഥ ആ പാർട്ടി സ്വന്തം അണികൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്.
പാർട്ടിക്കാരനായ സ്ഥാനാർത്ഥിയില്ലാത്ത, പാർട്ടി ചിഹ്നമില്ലാത്ത, ഈ തെരഞ്ഞെടുപ്പിൽ സ്വന്തം ഇഷ്ടത്തിന് മനസ്സാക്ഷി വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം സ്വന്തം അണികൾക്ക് യഥാർത്ഥത്തിൽ നൽകുന്ന ആഹ്വാനം. കമ്മ്യൂണിസ്റ്റുകാരുടെ മനസ്സാക്ഷി എവിടെയാണെന്ന് വോട്ടെടുപ്പിന് ശേഷം നമുക്ക് കാണാം.