തെന്നിന്ത്യൻ താര സുന്ദരി അദിതി റാവു ഹൈദാരിയ്ക്ക് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ. എഞ്ചിനീയറായ അഹ്സൻ ഹൈദാരിയുടെയും ഗായിക വിദ്യാ റാവുവിൻ്റെയും മകളായി ഹൈദരാബാദിലാണ് അദിതി റാവു ഹൈദാരിയുടെ ജനനം. 2006 ൽ റിലീസ് ചെയ്ത പ്രജാപതി എന്ന മലയാളം സിനിമയിലൂടെയാണ് അദിതിയുടെ സിനിമ അരങ്ങേറ്റം. എന്നാൽ മലയാളികൾ എന്നും അദിതിയെ ഓർക്കുന്നത് “സൂഫിയും സുജാതയും” എന്ന ചിത്രത്തിലൂടെ ആയിരിക്കും.
മലയാളം മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക് സിനിമ ലോകത്തും അദിതി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മണിരത്നത്തിൻ്റെ റൊമാൻ്റിക് ചിത്രമായ കാട്രു വെളിയിടൈയിൽ അദിതി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് സൈമ അവാർഡും താരത്തെ തേടിയെത്തി. ഒരു മാസത്തിന് മുൻപാണ് അദിതിയുടേയും നടൻ സിദ്ധാർത്ഥിന്റെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ദക്ഷിണേന്ത്യൻ ശൈലിയിലായിരുന്നു വിവാഹം നടന്നത്.