വർഷങ്ങളായി ഡിഎംകെ അടക്കിവാഴുന്ന തമിഴ്നാട്ടിൽ ചൂടേറും പോരാട്ടം തന്നെയായിരിക്കും ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ നടക്കുക. കാരണം ഇതുവരെയും ഡിഎംകെ – എഡിഎംകെ പോരാട്ടമാണ് തമിഴ്നാട്ടിൽ ഉണ്ടായിരുന്നതെങ്കിൽ നടൻ വിജയ് കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ തമിഴ്നാട്ടിൽ അപ്രതീക്ഷിത മാറ്റങ്ങൾ തന്നെ നമുക്ക് പ്രതീക്ഷിക്കാം. തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന് വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്നാണ് നടക്കാൻ പോകുന്നത്.
വിജയ്യുടെ പാര്‍ട്ടിയെ വളരെ ആവേശത്തോടെയാണ് തമിഴ്നാട്ടിലെ ഓരോ ജനതയും നോക്കി കാണുന്നത്. തമിഴ് നാട്ടിലെ അടുത്ത മുഖ്യമന്ത്രി വിജയ് ആകുമോ എന്നുവരെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സമ്മേളനം ആരംഭിക്കുക. അതേസമയം, സമ്മേളനത്തിന് 20 ദിവസം മുന്‍പ് വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് എന്നി സ്ഥലങ്ങളില്‍ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ പലരും റൂമുകള്‍ ബുക്ക് ചെയ്തു എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടാതെ സൈക്കിളില്‍ വരെ ചെന്നൈയില്‍ നിന്ന് ആളുകള്‍ വിജയയുടെ സമ്മേളനത്തിന് എത്തിച്ചേരുന്നുണ്ട്.
സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്തായാലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയ്യുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയ്യെ പിന്തുണച്ചു രംഗത്ത് വന്നെങ്കിൽ ബിജെപി നീരസം പ്രകടമാക്കിയിട്ടുണ്ട്.
സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. എന്നാൽ തമിഴകത്തു രാഷ്ട്രീയ പ്രവേശം നടത്തിയ ദളപതി വിജയ് മുന്നോട്ടു വയ്ക്കുന്നതു വ്യക്തമായ രാഷ്ട്രീയ സൂചനകളാണ്. പതാകയിൽ ഉൾപ്പെടുത്തിയ വാകപ്പൂവും ആനകളും മുതൽ അതിന്റെ നിറം വരെ നൽകുന്നതു കൃത്യമായ സന്ദേശം തന്നെയാണ്.
സംഘകാലത്തു തമിഴ് വീരൻമാർ യുദ്ധങ്ങളിൽ മറ്റും പങ്കെടുക്കാറുണ്ടായിരുന്നു. യുദ്ധത്തിൽ വിജയിച്ച് വരുന്ന വീരന്മാരെ വിജയത്തിന്റെ പ്രതീകമായ വാകപ്പൂവ് അണിഞ്ഞാണു ഗ്രാമീണർ സ്വീകരിച്ചിരുന്നത്. മാത്രമല്ല തീവ്ര തമിഴ് വാദ സംഘടനയായ എൽടിടിഇയും മറ്റും മുന്നോട്ടു വച്ചിരുന്ന വടക്കൻ ശ്രീലങ്കയിലെ തമിഴ് ഈഴത്തിന്റെ ദേശീയ മരവും വാകയായിരുന്നു. ഈ തമിഴ് വികാരമാണ് വിജയ് ഉപയോഗപ്പെടുത്തുന്നത് എന്നു വ്യക്തം. ശ്രീലങ്കൻ തമിഴർക്കിടയിലും വലിയ ആരാധകവൃന്ദമാണു വിജയ്ക്ക് ഉള്ളത് എന്നതു കൂടി ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.
അതേസമയം, പതാകയിൽ ഉപയോഗിച്ചിരുന്ന രണ്ട് ആനകളും ജനങ്ങളുടെ ശക്തിയെയാണു സൂചിപ്പിക്കുന്നത്. പതാക പുറത്തിറക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട ഗാനത്തിൽ ജനങ്ങളെ ഉപദ്രവിച്ചിരുന്ന രണ്ട് കറുത്ത ആനകളെ, രണ്ട് വെളുത്ത ആനകൾ വന്ന് കീഴ്പ്പെടുത്തുന്നതായി കാണിച്ചിരുന്നു. കറുത്ത ആനകൾ ദ്രാവിഡ പാർട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവരെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. വിജയം വരിച്ച വെളുത്ത ആനകൾ ശക്തി തെളിയിക്കുന്ന ജനങ്ങളുടെ ചിഹ്നങ്ങളായിരിക്കാം.
ദ്രാവിഡ പാർട്ടികളുടെ പാത പിന്തുടരാനോ ആ പാരമ്പര്യം അവകാശപ്പെടാനോ ഉദ്ദേശിക്കുന്നില്ലെന്നാണു പതാകയുടെ നിറംകൊണ്ടു താരം വ്യക്തമാക്കുന്നത്. ദ്രാവിഡ പാരമ്പര്യം പിന്തുടരുന്ന പാർട്ടികൾ സാധാരണയായി കൊടിയിൽ കറുപ്പ് നിറം ഉപയോഗിക്കാറുണ്ടായിരുന്നു. ദ്രാവിഡ കഴകം, ഡിഎംകെ, അണ്ണാ ഡിഎംകെ, വൈകോയുടെ എംഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാർട്ടികൾ പഴയ ദ്രാവിഡ പാരമ്പര്യം ഉറപ്പിക്കാൻ ഈ കറുപ്പ് നിറം പതാകയിൽ ഉൾപ്പെടുത്തുകയും പേരിൽ ‘ദ്രാവിഡം’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽനിന്നു താരം ദൂരം പാലിക്കുകയാണ്. ഇതിലൂടെ ഒരു കാര്യം വ്യക്തം. ദ്രാവിഡ പാർട്ടികൾക്ക് ബദലാകാൻ തന്നെയാണ് വിജയ് ഉദ്ദേശിക്കുന്നത്.
‘വെട്രി’ എന്ന വാക്ക് തന്നെ പാർട്ടിയുടെ പേരിൽ ഉൾപ്പെടുത്തിയത് വിജയം എന്ന അർഥത്തിലാണ്. വിജയ് നായകനായ ആദ്യ ചലച്ചിത്രത്തിന്റെ പേരും വെട്രി ആയിരുന്നു എന്നതു യാദൃച്ഛികമാകാൻ ഇടയില്ല. തമിഴക വെട്രി കഴകം എന്ന പേരും കൊടിയുമായി വിജയ് എത്തിയതോടെ, പ്രധാന രാഷ്ട്രീയ പാർട്ടികളെ ഇത് എത്രത്തോളം ബാധിക്കുമെന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. അതോ എംജിആറിനെ പോലെ വിജയ്യും ‘വെട്രി’ കൈവരിക്കുമോ, അതോ വിജയകാന്ത്, കമൽഹാസൻ എന്നിവരെ പോലെ ഒതുങ്ങുമോ ?