തമിഴ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വെച്ച് സമ്മേളനം നടക്കുക. വലിയ രീതിയിലെ ഒരുക്കങ്ങളും സജ്ജീകരണങ്ങളുമാണ് നടത്തിയിട്ടുള്ളത്. 85 ഏക്കറിലെ വിപുലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്.
170 അടി നീളത്തിലും 65 അടി വീതിയിലുമാണ് പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. 27 വളണ്ടിയര്‍ ടീമുകളെയാണ് പരിപാടി നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട് സെക്രട്ടറിയേറ്റിന് തുല്യമായാണ് സ്റ്റേജ്. പെരിയാറിന്റെയും അംബേദ്കറിന്റെയുമുള്‍പ്പടെയുള്ള കട്ടൗട്ടുകളും സമ്മേളന നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം സമ്മേളനത്തിൽ പാർട്ടി നയമെന്താണെന്ന് വിജയ് ഇന്ന് പ്രഖ്യാപിക്കും. തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ തമിഴ് വികാരമടങ്ങുന്ന പ്രസംഗത്തിനായിരിക്കും സാധ്യത.
ഇതിനുപുറമെ, മറ്റു പാര്‍ട്ടികളെ കുറിച്ച് നേരിട്ടുള്ള വിമര്‍ശനത്തിലേക്ക് കടക്കുമോയെന്നും ഇന്ന് അറിയാൻ സാധിക്കും. ദേശീയ തലത്തിലെ രാഷ്ട്രീയ നിലപാടും ഇന്ന് വ്യക്തമാവും. നേരത്തെ, 2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വിജയുടെ പാര്‍ട്ടി രൂപീകരണത്തില്‍ ഡിഎംകെ നേതാക്കള്‍ മൗനം പാലിക്കുകയാണ്. എഡിഎംകെ വിജയ്‌യെ പിന്തുണയ്ക്കുമ്പോള്‍ ബിജെപി വിമര്‍ശനമുയര്‍ത്തുന്നു.