ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സായ് പല്ലവി. പ്രേമത്തിലൂടെ മലർ ടീച്ചറായെത്തി മനം കവർന്ന താരം ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്. കൂടാതെ തെലുങ്കിലും തമിഴിലുമൊക്കെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായ് പല്ലവി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും സായ് പല്ലവി കയ്യടി നേടാറുണ്ട്. പുതിയ സിനിമയായ അമരന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് സായ് പല്ലവി ഇപ്പോള്‍.
ഇതിനിടെ താരം ഒരു വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ്. സായ് പല്ലവിയുടെ പഴയൊരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള സായ് പല്ലവിയുടെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. 2022ലേതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോ. രണ്ട് വര്‍ഷം മുമ്പുള്ള വീഡിയോ വീണ്ടും വൈറലായതോടെ നിരവധി പേരാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിരാടപര്‍വ്വം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലെ സായ് പല്ലവിയുടെ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്.
വീഡിയോയില്‍ ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പാക് പൗരന്മാരുടെ കാഴ്ചപ്പാടിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഇന്ത്യന്‍ സൈനത്തെ തീവ്രവാദി സംഘമായിട്ടാണ് പാക്കിസ്ഥാനിലുള്ളവര്‍ കാണുന്നതെന്നാണ് സായ് പല്ലവി പറഞ്ഞത്. അതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ ചിന്തിക്കുന്നത് നമ്മുടെ സൈന്യം തീവ്രവാദി ഗ്രൂപ്പാണ് എന്നാണ്. നമ്മള്‍ ചിന്തിക്കുന്നത് അവരുടെ സൈന്യം തീവ്രവാദി ഗ്രൂപ്പാണ് എന്നാണ്. കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ട്. ഈ വയലന്‍സ് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് സായ് പല്ലവി വീഡിയോയില്‍ പറയുന്നത്.
ഇതിനോടകം നിരവധി പേരാണ് സായ് പല്ലവിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയെ താരം അപമാനിച്ചുവെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. സായ് പല്ലവിയെ ദേശവിരുദ്ധയെന്നാണ് മറ്റു ചിലരുടെ ആരോപണം. ഈ കമ്യൂണിസ്റ്റ് സായ് പല്ലവിയാണ് രാമായണത്തില്‍ സീതയുടെ വേഷം ചെയ്യുന്നത് എന്നതില്‍ സങ്കടമുണ്ടെന്നും ചിലര്‍ പറയുന്നു. അതേസമയം സായ് പല്ലവിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സായ് പല്ലവിയുടെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
താരത്തിന്റെ വീഡിയോയിലെ ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിദ്വേഷ പ്രചരണം നടത്തുകയാണെന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. സായ് പല്ലവി ആര്‍മിയെക്കുറിച്ച് മോശമായൊരു പരാമര്‍ശവും നടത്തിയിട്ടില്ല. വയലന്‍സിനെതിരെ സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവര്‍ പറയുന്നു. എന്തായാലും സായ് പല്ലവിയുടെ പേരിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുകയാണ്. അതേസമയം അമരന്‍ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ശിവ കാര്‍ത്തികേയന്‍ ആണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗ്ഗീസിന്റെ വേഷമാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 31നാണ് സിനിമയുടെ റിലീസ്.