ഗഗൻയാൻ 2026-ലും ചന്ദ്രയാൻ-4 2028-ലും ഉണ്ടാകുമെന്ന് ഐഎസ്ആർഒ മേധാവി

ന്യൂഡൽഹി: ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുമായി ചേർന്ന് ചന്ദ്രയാൻ-5 ദൗത്യം നടത്തുമെന്ന് ഐഎസ്ആർഒ മേധാവി. എസ് സോമനാഥ്. ആകാശവാണിയിൽ സർദാർ പട്ടേൽ സ്മാരക പ്രഭാഷണം നടത്തുന്നതിനിടെയാണ് ഐ എസ് ആർ ഓ ചെയർമാൻ ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണത്തിൻ്റെ ആവശ്യകതയെ അദ്ദേഹം വേദിയിൽ എടുത്തു പറഞ്ഞു. കൂടാതെ, വരാനിരിക്കുന്ന ചില സുപ്രധാന ദൗത്യങ്ങളുടെ പുതിയ തീയതികളും സോമനാഥ് വെളിപ്പെടുത്തി.

മനുഷ്യനെ ഉൾക്കൊള്ളുന്ന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതി, 2026 -ൽ വിക്ഷേപിച്ചേക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബഹിരാകാശ ദൗത്യം ഗഗൻയാനീസ് 2026ൽ വിക്ഷേപിച്ചേക്കും. 2028-ൽ സാമ്പിൾ റിട്ടേൺ മിഷൻ ചന്ദ്രയാൻ-4, 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത നിസാർ സംരംഭം എന്നിവ ഉണ്ടാകുമെന്ന് സോംനാഥ് വെളിപ്പെടുത്തി.

ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സയുമായി ചേർന്നൊരുങ്ങുന്ന ചന്ദ്രയാൻ-5 , ഒരു സംയുക്ത ചാന്ദ്ര ലാൻഡിംഗ് ദൗത്യമായിരിക്കുമെന്നും ചെയർമാൻ സോമനാഥ് അറിയിച്ചു. യഥാർത്ഥത്തിൽ ലുപെക്സ് (LUPEX ) അല്ലെങ്കിൽ ലൂണാർ പോളാർ എക്സ്പ്ലോറേഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൻ്റെ സമയപരിധി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ചന്ദ്രയാൻ -4 ഷെഡ്യൂൾ ചെയ്തതിനു പിന്നാലെ 2028 – ലായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് വളരെ ഭാരമേറിയ ദൗത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ -3 ലെ റോവറിന് 27 കിലോഗ്രാം ഭാരമേയുള്ളൂ, ചന്ദ്രയാൻ -5 ൽ അത് 350 കിലോഗ്രാം ആയിരിക്കും. അതിൽ ലാൻഡർ ഇന്ത്യ നൽകും. അതേസമയം റോവർ ജപ്പാനിൽ നിന്ന് വരും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിക്കുന്ന ഒരു ഭാരമേറിയ ശാസ്ത്ര ദൗത്യമാണിത്. അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ കയറ്റി വിടാനുള്ള പദ്ധതികളാണ് ഇന്ത്യൻ ബഹിരാകാശ സ്ഥാപനത്തിനുള്ളത്. ആഗോള തലത്തിൽ ഇന്ത്യയുടെ ബഹിരാകാശ മേഖലയുഡി സംഭാവന നിലവിലെ 2 ശതമാനത്തിൽ നിന്ന് കുറഞ്ഞത് 10 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഈ വളർച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്കാളിത്തവും സംരംഭകത്വം സാധ്യമാക്കുന്ന പുതിയ നയങ്ങളും ആവശ്യമാണെന്ന് സോമനാഥ് വ്യക്തമാക്കി.

ചെറുതും വലുതുമായ നിരവധി വ്യവസായങ്ങൾ ബഹിരാകാശ മേഖലയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം വന്ന് പങ്കെടുക്കാൻ അവരെ സഹായിക്കാൻ ഐഎസ്ആർഒ ( ISRO ) പരമാവധി ശ്രമിക്കുന്നുണ്ട്. പരമ്പരാഗതമായി ഐഎസ്ആർഒയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇപ്പോൾ സ്വകാര്യവ്യവസായമാണ് ചെയ്യുന്നതെന്നും സോമനാഥ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു ദശകത്തിൽ ബഹിരാകാശ സാങ്കേതികവിദ്യകളുടെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം ഗണ്യമായി കുറഞ്ഞിരിക്കുയാണ്. എന്നാൽ നിർമ്മാണവും ഗവേഷണവും വികസനവും ഉൾപ്പെടെ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

“ബഹിരാകാശ മേഖലയിൽ ഉപയോഗിക്കുന്ന ഒരുപാട് നിർണായക വസ്തുക്കൾ ഇപ്പോഴും പുറത്തുനിന്നാണ് വരുന്നത്. നമ്മുടെ രാജ്യത്തിനകത്ത് ഇവ പലതും നിർമ്മിക്കാനുള്ള കഴിവ് നാം സൃഷ്ടിക്കേണ്ടതുണ്ട്. നൂതന ഗവേഷണത്തിനും വികസനത്തിനും കൂടുതൽ സ്വദേശിവൽക്കരണം ഉണ്ടാകേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

നക്ഷത്രങ്ങളെയും ഗാലക്‌സികളെയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വളരെ പഴക്കമേറിയതും സമ്പന്നവുമായ പാരമ്പര്യം ഇന്ത്യയ്‌ക്കുണ്ടെങ്കിലും, വളരെക്കാലത്തിന് ശേഷമാണ് രാജ്യം ജ്യോതിശാസ്ത്ര മേഖലയിൽ പുതിയ അറിവ് ഉൽപ്പാദിപ്പിക്കുന്നതും ബഹിരാകാശ പര്യവേക്ഷണത്തിലെ ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതെന്നുമെന്ന് സോമനാഥ് കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments