പാലക്കാട് : മുൻ എം പി കൃഷ്‌ണദാസിന്റെ “പട്ടി” പരാമർശത്തിൽ മാധ്യമപ്രവർത്തകരെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. മാധ്യമപ്രവർത്തകരെ അനുനയിപ്പിക്കാൻ സിപിഎം പാലക്കാട് വിളിച്ചുകൂട്ടിയ മീറ്റിംഗിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. മാധ്യമപ്രവർത്തകർക്കായി ബ്രേക്ക് ഫാസ്റ്റ് സൽക്കാരവും ഒരുക്കിയിരുന്നു. ഭൂരിപക്ഷം മാധ്യമപ്രവർത്തകരും അത് ബഹിഷ്കരിച്ചു.
“ജനാധിപത്യത്തിൽ മാധ്യമങ്ങളെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് ജനാധിപത്യ രീതിയിലും മാന്യമായ ഭാഷയിലും ആകേണ്ടതാണ്. പാലക്കാട് മാധ്യമപ്രവർത്തകരെ അവഹേളിച്ച കൃഷ്ണദാസിന്റെ ഭാഗത്തുനിന്നും അതിന് വിപരീതമായ പ്രതികരണമാണ് ഉണ്ടായതെന്ന് 24 ചാനലിന്റെ പൊളിറ്റിക്കൽ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശ്രീജിത്ത് പറഞ്ഞു”.
മന്ത്രി എം ബി രാജേഷ്, പി സരിൻ, സിപിഎം ജില്ലാ സെക്രട്ടറി, ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളും മീറ്റിംഗിൽ പങ്കെടുത്തു. സംഭവത്തിൽ പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിൻ മാപ്പ് പറഞ്ഞു. നേതാക്കൾ വിശദീകരണം നൽകിയതിന് ശേഷം ബ്രേക്ക് ഫാസ്റ്റ് സൽക്കാരത്തിനായി നേതാക്കൾ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു. എന്നാൽ ഇടത് അനുകൂല മാധ്യമങ്ങളുടെ ചില പ്രതിനിധികൾ മാത്രമാണ് സൽക്കാരത്തിൽ പങ്ക് ചേർന്നത്.