തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് 26.10.2024 ന് ഇറക്കിയ ഉത്തരവിലൂടെ വീണ്ടും ക്ഷാമബത്ത കുടിശിക അട്ടിമറിച്ചതിൽ പ്രതിഷേധിച്ചു നിയമസഭാ സെക്രട്ടറിയേറ്റിൽ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (KLSA) തിങ്കളാഴ്ച്ച വഞ്ചനാദിനം ആചരിക്കുന്നു.
22% (ഏഴു ഗഡു) ക്ഷാമബത്തയാണ് നിലവിൽ കുടിശ്ശിക ഉണ്ടായിരുന്നത്. അതിൽ 3% അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കാലയളവ് വ്യക്തമാക്കിയാൽ കുടിശ്ശിക തരാൻ സർക്കാർ ബാധ്യസ്ഥരാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വഞ്ചനപരമായ നിലപാട് സ്വീകരിച്ചതെന്ന് കെഎല്‍എസ്എ ആരോപിച്ചു.
2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ചതും 39 മാസം കുടിശ്ശിക ഇല്ലാതാക്കിയതുമായ ഉത്തരവിന്റെ മാതൃകയിലാണ് പുതിയ ഉത്തരവും തയ്യാറാക്കിയിരിക്കുന്നത്. ഈ ഉത്തരവിലൂടെ 01.07.2021 -ന് പ്രാബല്യത്തിൽ വരേണ്ട മൂന്ന് ശതമാനം ഡി എ ആണ് അനുവദിച്ചിട്ടുള്ളതെങ്കിൽ 40 മാസത്തെ കുടിശ്ശികയാണ് നിഷേഷിക്കപ്പെടുന്നത്. ഈ നടപടിയിലൂടെ ക്ലാസ് ഫോർ ജീവനക്കാർക്കടക്കം 27600/- രൂപ മുതൽ 168600/- രൂപ വരെ നഷ്ടപ്പെടുന്നുണ്ടെന്നും കെഎല്‍എസ്എ പ്രസിഡൻ്റ് ജോമി കെ ജോസഫും, ജനറല്‍ സെക്രട്ടറി അരുണ്‍ എസ് എന്നിവർ വാർത്തക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഇടതു സർക്കാരിന്റെ സമാനതകളില്ലാത്ത തൊഴിലാളി വഞ്ചനയിൽ പ്രതിഷേധിച്ചു കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ (KLSA) നാളെ (28.10.24) വഞ്ചനാദിനം ആചരിക്കുന്നതാണ്. ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനായി UTEF, SETO സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ തുടർ പ്രതിഷേധ പരിപാടികളുമായി KLSA മുന്നോട്ടു പോകുന്നതാണെന്നും കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ അറിയിച്ചു.