
ട്രെയിനില്‍ കയറാന്‍ തിക്കും തിരക്കും, 9 പേര്‍ ആശുപത്രിയില്‍
മുംബൈ: ദീപാവലിയും മറ്റ് ഉത്സവങ്ങളും കണക്കിലെടുത്ത് ട്രെയിനുകളില്‍ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈയിലെ ബാന്ദ്ര റെയില്‍വ്വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ഗോരഖ്പൂരിലേക്കുള്ള അന്ത്യോദയ എക്സ്പ്രസിലേയ്ക്ക് ആളുകള്‍ കൂട്ടത്തോടെ കയറാന്‍ ശ്രമിക്കുകയും തിക്കിലും തിരക്കിലുമായി ഒന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
22 ജനറല്‍ ക്ലാസ് കോച്ചുകളുള്ള അന്ത്യോദയ എക്സ്പ്രസ് പുലര്‍ച്ചെ 2.45 ഓടെയാണ് പ്ലാറ്റ്‌ഫോമില്‍ എത്തിയത്. കോച്ചുകളുടെ വാതിലുകള്‍ അകത്ത് നിന്ന് പൂട്ടി യാര്‍ഡില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് എടുത്തപ്പോള്‍ ട്രെയിന്‍ കാത്ത് ക്യൂ നിന്ന യാത്രക്കാര്‍ അതില്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. തീവണ്ടിയില്‍ കയറാനുള്ള ശ്രമത്തിനിടെ രണ്ട് കോച്ചുകള്‍ക്കിടയില്‍ വന്ന് ചിലര്‍ പ്ലാറ്റ്ഫോമില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ഭാഭ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് അന്ത്യോദയ എക്സ്പ്രസ് ബാന്ദ്രയില്‍ നിന്ന് കുറച്ച് വൈകിയാണ് യാത്ര തുടങ്ങിയത്.