
പ്രതിഫല കണക്കിൽ വമ്പൻ താരങ്ങളെ മറികടന്ന് അല്ലു അർജുൻ. തന്റെ പുതിയ ചിത്രമായ പുഷ്പ 2 വിലൂടെയാണ് താരത്തിന്റെ ഈ നേട്ടം. 300 കോടിയാണ് താരം ചിത്രത്തിനായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഇതിനുമുൻപ് നടൻ വിജയ് ആയിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമെന്ന റെക്കോർഡ് നേടിയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങുന്നുവെന്നായിരുന്നു വിവരം. സാക്ഷാൽ കിങ് ഖാനെ മറികടന്നായിരുന്നു ഇളയ ദളപതി വിജയ്‌യുടെ ഈ നേട്ടം.

ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിതമാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ ആദ്യവാരം ചിത്രം തിയറ്ററിലെത്തും. റിലീസിന് മുന്നേ ചിത്രം കോടികൾ കൊയ്തതായാണ് വിവരം. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടി കഴിഞ്ഞു. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2വിന്റെ ഒടിടി അവകാശം വിറ്റുപോയത്. എന്നാൽ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തുക.

ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ രശ്മികയാണ് നായിക. മലയാള നടൻ ഫഹദ് ഫാസിലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ സാമന്തയുടെ ഡാൻസിന് സമാനമായ ഐറ്റം നമ്പർ ഉണ്ടെന്നും വിവരമുണ്ട്. സമാന്തയ്ക്ക് പകരം പുഷ്പ 2വിലെത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണെന്നാണ് വിവരം. എന്തായാലും സാമന്തയുടെ ഡാൻസിനെ ശ്രദ്ധ കപൂർ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.