ന്യൂഡല്‍ഹി: നിലവാരമില്ലാത്ത ഹെല്‍മറ്റ് നിര്‍മ്മിക്കുന്നവര്‍ക്കും വില്‍പ്പന നടത്തുന്നവര്‍ക്കുമെതിരെ ഉപഭോക്തൃകാര്യ വകുപ്പ് നടപടിയെടുക്കും. വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും റോഡിലെ ഇരു ചക്ര വാഹനാ യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിലും ഊന്നല്‍ നല്‍കിയാണ് ഉപഭോക്തൃകാര്യ വകുപ്പ് പുതിയ നീക്കം തുടങ്ങിയിരി ക്കുന്നത്. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളെയും ചില്ലറ വ്യാപാരികളെയും ലക്ഷ്യമിട്ട് രാജ്യ വ്യാപകമായി പ്രചാരണം നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും (ഡിസിമാര്‍), ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും (ഡിഎംമാര്‍) കത്തയച്ചു.
ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ നിര്‍മ്മിക്കുന്നതോ വില്‍ക്കുന്നതോ ആയ ഏതൊരു ഹെല്‍മെറ്റും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്, 2016-ന്റെ ലംഘനമാണ്. വഴിയോരങ്ങളില്‍ വില്‍ക്കുന്ന പല ഹെല്‍മെറ്റുകള്‍ക്കും നിര്‍ബന്ധിത ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഈ വിഷയത്തില്‍ പൗരന്മാര്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ശ്രീമതി നിധി ഖാരെ പറഞ്ഞു.
1988ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനാപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങള്‍ തടയുന്നതിന് വാഹനമോടി ക്കുന്നവരുടെ സുരക്ഷാ നടപടികള്‍ക്ക് നിര്‍ണായകമായതിനാല്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകളും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.