ഹൈദരാബാദ്: സിനിമയിലും സീരിയലിലും അഭിനയിക്കുമ്പോള്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രേക്ഷക ഭാഗത്ത് നിന്ന് ചില പ്രകോപനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് തങ്ങളുടെ ജീവിതത്തിന്‍രെ ഭാഗമാണെന്ന് കരുതുന്നവരാണ് മിക്ക അഭിനേതാക്കളും. എന്നാല്‍ അപ്രതീക്ഷിതമായ ആക്രമണം ചിലര്‍ക്ക് നേരിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സിനിമയില്‍ വില്ലന്‍ വേഷം ചെയ്തതിന് സ്ത്രീയുടെ കൈയ്യില്‍ നിന്ന് തല്ല് വാങ്ങിയിരിക്കുകയാണ് തെലുങ്ക് നടന്‍ എന്‍ ടി രാമസ്വാമി.
തന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് റെഡ്ഡിയുടെ പ്രദര്‍ശനത്തിനിടെ സ്ത്രീ പ്രേക്ഷകയില്‍ നിന്ന് രാമസ്വാമിക്ക് നല്ല തല്ല് കിട്ടിയത്. ചിത്രത്തില്‍ വില്ലനായിട്ടാണ് രാമസ്വാമി എത്തുന്നത്. ഹൈദരാബാദില്‍ നടന്ന സ്‌ക്രീനിംഗ് പരിപാടിയില്‍ സഹതാരങ്ങള്‍ക്കൊപ്പം പങ്കെടുത്ത് ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുമ്പോഴാണ് എന്‍ടി രാമസ്വാമിക്ക് നേരെ ഒരു സ്ത്രീയുടെ ആക്രമണമുണ്ടായത്. സ്ത്രീ അയാളുടെ കോളറില്‍ പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നു. ഇതിന്‍രെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
മകളെ കല്ലുകൊണ്ടടിച്ച ഉപദ്രവിക്കുന്ന മഹാ ക്രൂരനായ ഒരു വില്ലനാണ് സിനിമയില്‍ രാമസ്വാമി. സിനിമയുടെ തുടക്കത്തില്‍ തന്നെ വില്ലന്‍രെ വില്ലനിസം എടുത്ത് കാണിക്കുന്ന ഒരു സീനാണ്. ഇത് കണ്ടതോടെയാണ് സ്ത്രീ പ്രകോപിതയായത്. നടന്‍മാരായ അഞ്ജന്‍ രാമചന്ദ്രയും ശ്രാവണി കൃഷ്ണവേണിയും ഉള്‍പ്പെടെ തിയേറ്റര്‍ സെക്യൂരിറ്റിയും അഭിനേതാക്കളും എന്‍ടി രാമസ്വാമിയെ രക്ഷിക്കുകയും. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.