ആദ്യം കേസെടുക്കേണ്ടത് കോഴ വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെ; സംഘ്പരിവാറിനെ ഭയക്കുന്ന പിണറായി അവര്‍ക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല

v d satheeshan

ഇടതു മുന്നണിയിലെ ഒരു എം.എൽ.എ രണ്ടു എം എൽ എ മാർക്ക് കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുന്നണിയിലെ രണ്ടു എം എൽ എ മാർക്ക് 50 കോടി രൂപ വീതമാണ് ഒരു എം എൽ എ വാഗ്ദാനം നൽകിയത്. സംഘ്പരിവാറിന് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്നും, അവരെ ഭയന്നാണ് മുഖ്യമന്ത്രി ഭരണം നടത്തിക്കൊണ്ടു പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എൽ എ മാരൊക്കെ പൊയ്‌ക്കോട്ടെന്നു കരുതിയാണോ മിണ്ടാതിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സംഘ്പരിവാർ മുന്നണിയിലെ കൃഷ്ണൻകുട്ടിയുടെ പാർട്ടി ഇപ്പോഴും ഇടതു മുന്നണിയിലുണ്ട്. ബോംബെയിലെ അജിത് പവാറിന്റെ സംഘ്പരിവാർ മുന്നണിയിലേക്ക് രണ്ട് എം.എൽ.എമാരെ കൊണ്ടു പോകാൻ ശ്രമിച്ചത് അറിഞ്ഞിട്ടും ഒരു അന്വേഷണം നടത്താൻ പോലും മുഖ്യമത്രി തയാറായിട്ടില്ലെന്ന് വി ഡി സതീശൻ വിമർശിച്ചു.

സ്വന്തക്കാരെ സംരക്ഷിക്കാനും ചേർത്തു നിർത്താനും മുഖ്യമന്ത്രി എല്ലാവർക്കും കുടപിടിച്ചു കൊടുക്കുന്നു. അന്വേഷണം നടത്തേണ്ടത് സർക്കാരാണ്. കോഴ സംബന്ധിച്ച് ആദ്യം വിവരം കിട്ടിയ മുഖ്യമന്ത്രി അത് ഒളിച്ചുവച്ചു. അത് പോലീസിലേക്ക് കൈമാറാതെ ഒളിച്ചു വച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിനെ ഭയന്നാണ് മുഖ്യമന്ത്രി ഒന്നും ചെയ്യാതെ നിൽക്കുന്നതെന്നും,ജനങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ അപഹാസ്യനായി നിൽക്കുകയാനിന്നും വി ഡി സതീശൻ വ്യക്തമാക്കി .

കേരളത്തിലെ സി.പി.എമ്മിനെ പിണറായി വിജയൻ സംഘ്പരിവാറിന്റെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ കേസുകളാണ് പിണറായിയെ ഭയപ്പെടുത്തുന്നത്. അതിനു വേണ്ടിയാണ് എ.ഡി.ജി.പി അജിത്കുമാറിനെ ദൂതനാക്കി ആർ.എസ്.എസ് നേതാക്കളുടെ അടുത്തേക്ക് വിട്ടതും പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാൻ ശ്രമിച്ചതും ബിസിനസ് നടത്തിയ ഇ.പി ജയരാജനെ തള്ളിപ്പറയാതിരുന്നതും ജാവദേദ്ക്കറെ കണ്ടാൽ എന്താണ് കുഴപ്പമെന്നുമൊക്കെ ചേദിച്ചത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. എന്നിട്ടാണ് പുറത്തുവന്ന് മതേതരത്വം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, എ.ഡി.എമ്മിനെ കൊലപ്പെടുത്തിയ കേസിൽ പി.പി ദിവ്യയെ പാർട്ടി പൂർണമായും സംരക്ഷിക്കുകയാണെന്നും, പാർട്ടി സെക്രട്ടറി നവീൻ ബാബുവിന്റെ കുടുംബത്തിൽ പോയി ഒപ്പമുണ്ടെന്നു പറയുമ്പോഴും, സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവുമാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരാണ് ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും പോലീസിനെ അനുവദിക്കാത്തത്. എ.ഡി.എമ്മിന്റെ മരണ ശേഷം അദ്ദേഹം അഴിമതിക്കാരനാണെന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടിയുള്ള വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്.എ.കെ.ജി സെന്ററിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും കള്ളപരാതി ഉണ്ടാക്കിയതിൽ പങ്കുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തിയാൽ അതു ചെന്നെത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും എ.കെ.ജി സെന്ററിലുമായിരിക്കും. പ്രശാന്തന്റെ കള്ള ഒപ്പിട്ട് പരാതി ഉണ്ടാക്കിയതിലൂടെ ആത്മഹത്യ ചെയ്ത പാവം മനുഷ്യന്റെ കുടുംബത്തെ അപമാനിക്കുകയും പരിരിഹസിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം മാധ്യമങ്ങളോട് സി പി എം നേതാവ് ഉപയോഗിച്ച ഭാഷയിലും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ഏതെല്ലാം ചോദ്യങ്ങളാണ് മാധ്യമങ്ങൾ ഞങ്ങളോട് ചോദിക്കുന്നത്. ഞങ്ങളൊക്കെ സ്‌നേഹത്തോടും സംയമനത്തോടുമാണ് സംസാരിക്കുന്നത്. പരിഭവമുണ്ടെങ്കിൽ നിങ്ങളോട് പറയും. പക്ഷേ ഇന്നലെ സി.പി.എം നേതാവ് ഉപയോഗിച്ച ഭാഷ മുകളിൽ മുതൽ താഴെത്തട്ട് വരെയുള്ള സി.പി.എമ്മുകാരുടെ ഭാഷയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.

കോൺഗ്രസും, ലീഗും ഒന്നിച്ചാണ് വർഗീയതയ്‌ക്കെതിരെ പോരാടുന്നത്. മൂന്നു പതിറ്റാണ്ട് ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. എന്നിട്ടും സി.പി.എം വിട്ടു പോകുമ്പോൾ വർഗീയ പാർട്ടിയെന്ന നിലപാട് കയ്യിൽ വച്ചാൽ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments