ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. അദ്ദേഹത്തിനെ ന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ബിജെപിക്കായിരിക്കുമെന്നും എഎപി കണ്‍വീനര്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയില്‍ നടത്തിയ ‘പദയാത്ര’ പ്രചാരണത്തിനിടെ കെജ്‌രിവാളിനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കൂട്ടുനിന്നു. അത് കെജ്‌രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയെ വ്യക്തമാക്കുന്നുവെന്നും ബിജെപി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ശത്രുവായി മാറിയെന്നും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് വ്യക്തമാക്കി.
എന്നാല്‍ ഇതിനോട് ബിജെപി പ്രതികരിച്ചിട്ടില്ല. പോലീസ് നിഷ്‌ക്രിയരായതിനാലാണ് ഈ സംഭവത്തില്‍ എഎപി പരാതി നല്‍കാതിരുന്നത്. ബിജെപി എന്ത് ചെയ്താലും കെജ്‌രിവാള്‍ ഇതൊന്നും നിര്‍ത്തുകയോ തലകുനിക്കുകയോ ചെയ്യില്ലെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്നും കെജ്‌രിവാളിന് ഒരു പോറലെങ്കിലും പറ്റിയാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിയോട് പ്രതികാരം ചെയ്യുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.