പുലിവാൽ പിടിച്ച് സംസ്ഥാന സർക്കാറും എയറിലായി പ്രണബ് ജ്യോതിനാഥ് ഐഎഎസും. ഇന്നലെ രാത്രി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ ആളാണ് പ്രണഭ്‌ജ്യോതി നാഥ് ഐഎഎസ്. പക്ഷേ, ഇന്നലെ ഉച്ചയോട് കൂടി പ്രണഭിന് മറ്റൊരു നിയമനവും കൂടി കിട്ടി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിന്റെ ചീഫ് വിജിലൻസ് ഓഫിസറായി കേന്ദ്ര കാബിനറ്റ് നിയമിച്ചിരുന്നു. ഇതിന്റെ ഉത്തരവ് സംസ്ഥാന സർക്കാരിൽ ലഭിച്ചതിനു ശേഷമാണ് പ്രണഭിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.
സർക്കാർ കൊടുക്കുന്ന പാനലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത്. പ്രണഭിനെ കേന്ദ്ര ഡപ്യൂട്ടേഷനിൽ എൻഒസി കൊടുത്ത സംസ്ഥാന സർക്കാർ പ്രണഭിനെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആക്കാനുള്ള പാനലിലും ഉൾപ്പെടുത്തി. രണ്ട് നിയമനം കിട്ടിയ പ്രണഭ് ഏത് സ്വീകരിക്കണമെന്നറിയാതെ ആശയ കുഴപ്പത്തിലാണ്.
കേന്ദ്ര ഡെപ്യുട്ടേഷൻ ലഭിച്ചിട്ടും പോകാതിരുന്നാൽ പ്രണഭിന് മുന്നിൽ കേന്ദ്രത്തിലേക്കുള്ള വാതിൽ അടയും. പ്രണഭിനെ കുഴിയിലാക്കിയത് ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. കേന്ദ്ര കാബിനറ്റ് ഉത്തരവ് ലഭിച്ചിട്ടും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്താതെ ഇരുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഗുരുതര വീഴ്ച.
ഒരേ സമയം രണ്ട് നിയമനം കിട്ടിയ പ്രണഭിന്റെ വാർത്ത പുറത്ത് കൊണ്ട് വന്നത് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റർ കെ.പി. സായ് കിരൺ ആണ്. കാര്യങ്ങൾ പഠിക്കാത്ത ചീഫ് സെക്രട്ടറി ഉള്ളപ്പോൾ സർക്കാർ പുലിവാൽ പിടിച്ചില്ലെങ്കില്ലേ അത്ഭുതമുള്ളു.
ബിജു പ്രഭാകറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ സർക്കാർ നേരത്തെ ഒരു നീക്കം നടത്തിയെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിയിരുന്നു. കൺഫേർഡ് ഐ എ എസ് കാരനായതായിരുന്നു ബിജു പ്രഭാകറിന്റെ അയോഗ്യത. ആഗസ്റ്റ് 30 ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സജ്ജയ് കൗൾ കേന്ദ്ര ഡെപ്യുട്ടേഷനിൽ പോയതോടെയാണ് കേരളത്തിൽ ഒഴിവ് വന്നത്. തുടർന്ന് രണ്ട് പ്രാവശ്യം സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് 3 അംഗ പാനൽ അയച്ചു. പല വിധ കാരണങ്ങളാൽ അത് തള്ളി.
മൂന്നാമത്തെ പാനലിൽ ആണ് പ്രണഭ് സ്ഥാനം പിടിച്ചത്. സർക്കാരിന്റെ നിഷ്‌ക്രീയത്വം കൊണ്ട് പ്രണഭ് എയറിലും ആയി.