ജീവനക്കാരുടെ ആശങ്കകൾ ശരിവക്കും വിധം 39 മാസത്തെ ഡി എ കുടിശ്ശിക എൽ ഡി എഫ് സർക്കാർ വീണ്ടും കവർന്നെടുത്തതായും ഇത് ഇടതു സർക്കാരിൻ്റെ പോക്കറ്റടിയാണെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് ആരോപിച്ചു. 2021 ജൂലൈ 1 മുതൽ അർഹമായ ഡി എ അനുവദിച്ചത് 2024 ഒക്ടോബർ മുതലാണ്.
എന്നാൽ, ഡി എ അനുവദിച്ച ഉത്തരവിൽ കുടിശ്ശികയെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഇപ്പോഴത്തെ ഉത്തരവിലൂടെ മാത്രം ജീവനക്കാർക്ക് 35 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ആകെ അനുവദിച്ചത് 2 ഗഡു ഡി എ മാത്രമാണ്. രണ്ട് ഉത്തരവിലും ജീവനക്കാർക്ക് ഡി എ യുടെ കുടിശ്ശിക തുക നിഷേധിച്ചു. ഏപ്രിൽ മാസത്തിൽ ഡി എ അനുവദിച്ചപ്പോഴും കുടിശ്ശിക അനുവദിച്ചിരുന്നില്ല.
ഇതോടെ ആകെ 78 മാസത്തെ 5% ശതമാനം തുക ജീവനക്കാർക്ക് അന്യമായി.ആറു ഗഡു ഡി എ ഇനിയും അനുവദിക്കാനുണ്ട്. ഇടതുഭരണം സർക്കാർ ജീവനക്കാരുടെ അവകാശങ്ങളുടെ ശവപറമ്പായി മാറി.
ഉപഭോക്തൃ വില സൂചികയിലധിഷ്ഠിതവും വിലക്കയറ്റ സമീകരണമെന്ന നിലയിലും നൽകുന്ന കാലാകാലങ്ങളിലെ ഡി എ ജീവനക്കാരൻ്റെ അവകാശമാണ്.
എന്നാൽ അർഹമായ തീയതിയെ കുറിച്ച് യാതൊരു പരാമർശം പോലും നടത്താതെ ക്ഷാമബത്ത ഭരിക്കുന്ന സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിലാണ് എൽ ഡി എഫ് സർക്കാർ കാണുന്നത്. ഇത് തികച്ചും തൊഴിലാളി വിരുദ്ധമാണ്.
ജീവനക്കാർക്ക് അർഹമായ 78 മാസത്തെ 5 % ഡി എ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒക്ടോബർ 28 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.