അൻവറിന് അടിതെറ്റുന്നു …. ആളൊഴിയുന്നു

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ പാർട്ടി തുടങ്ങിയ പിവി അൻവറിന് തുടക്കത്തിൽ തന്നെ അടിപതറുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജന്റെ നാവായിരുന്ന പിവി അൻവർ മുഖ്യനെതിരെ തന്നെ ​ഗുരുതര ആരോപണമുന്നയിച്ചാണ് രം​ഗത്ത് എത്തിയത്. താൻ ചോദിച്ചത് കിട്ടിയില്ലെങ്കിൽ രൂക്ഷമായി പ്രതികരിക്കുക എന്നതാണ് അൻവറിന്റെ ശീലം. അത്തരത്തിൽ ഇടതുപക്ഷത്തിനെതിരെയടക്കം അടവുകളോരോന്ന് പുറത്തെടുത്ത് കൊണ്ടിരിക്കവെ അൻവറിന് അപ്രതീക്ഷിതമായൊരു തിരിച്ചടി കിട്ടിയിരിക്കുകയാണ്.

ജനങ്ങളാണ് പാർട്ടിയെന്ന് പറഞ്ഞ് തുടങ്ങിയ അൻവറിന്റെ സംഘടനയിൽ നിന്ന് ആളുകൾ ഓരോന്ന് ഓരോന്നായി പുറത്ത് പോകുകയാണ്. ഒരു തിരഞ്ഞെടുപ്പ് പോലും നേരിട്ടില്ലാത്ത അൻവറിന്റെ പാർട്ടി. തിരിഞ്ഞെടുപ്പ് നേരിടുന്നതിന് മുമ്പ് തന്നെ അൻവറിന്റെ ഡിഎംകെ കേരള ഘടകത്തിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ പാലക്കാട് ജില്ലാ സെക്രട്ടറി ബി.ഷമീറാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്.

DMK കേരള ഘടകത്തിൽ നിന്ന് രാജി വച്ച ബി.ഷമീർ പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നറിയിച്ചു. നേതാക്കൾ ചേർന്ന് ഷമീറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ജീവകാരുണ്യ പ്രവർത്തകൻ ആയ മിൻഹാജിനെ തിരഞ്ഞെടുപ്പിന് നിർത്തുന്നില്ലെന്ന് അൻവർ അറിയിച്ചത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിയുളവാക്കിയിരുന്നു. ഇതിനിടെയാണ് ഷമീറിന്റെ രാജി.

ഇടതിനും വലതിനും ഒപ്പം നിൽക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹം. ഇതേ തുടർന്നാണ് ഡിഎംകെയിൽ ചേർന്നത്, എന്നാൽ സംഘടന സ്ഥാനാർത്ഥിയെ പിൻവലിച്ചിരിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നാണ് ഷമീർ പറഞ്ഞത്.

ചുരുക്കി പറ‍ഞ്ഞാൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ വേണ്ടിയടക്കം മെനഞ്ഞ കെണി അൻവറിന് തന്നെ പണിയായെന്ന് . രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കോൺ​ഗ്രസിനെ സമ്മർദ്ദത്തിലാക്കി തനിക്ക് അനുകൂലമായ രാഷ്ട്രീയ നേട്ടം സൃഷ്ടിക്കാനുള്ള നീക്കമാണ് ഉപതിരഞ്ഞെടുപ്പ് മേഖലകളിൽ അൻവ‍‍ർ പയറ്റിയത്. ഇതിന്റെ ഭാ​ഗമായി ചേലക്കരയിലേയും പാലക്കാട്ടേയും സ്ഥാനാർത്ഥികളെ ചൊല്ലി വിവാദമുണ്ടാക്കാനായിരുന്നു അൻവറിന്റെ ശ്രമം.

ഇതിന് വേണ്ടി പ്രതിപക്ഷത്തോട് പരസ്യമായി അൻവറിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് പറയാൻ അൻവർ തന്നെ ആവശ്യപ്പെട്ടു. അത് പ്രകാരം പ്രതിപക്ഷം ആവശ്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. എന്നാൽ അടുത്ത ഉപാധിയായിരുന്നു കടുത്തത്, കോൺ​ഗ്രസിന്റെ ചേലക്കര സ്ഥാനാ‍ത്ഥിയെ പിൻവലിക്കണമെന്ന്. എന്നാൽ എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ത്ഥിയെ മാറ്റാൻ കോൺ​ഗ്രസ് തയ്യാറായില്ല. അൻവർ വേണമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ മതി കോൺ​ഗ്രസിന് അൻവറിന്റെ സ്ഥാനാർത്ഥിയെ പേടിയില്ലെന്ന് വ്യക്തമാക്കി വിഡി സതീശൻ രം​ഗത്ത് എത്തി.

ഇതോടെ ഇനി കടും പിടുത്തം പിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ പിവി അൻവർ നിലപാട് മയപ്പെടുത്തി. സ്ഥാനാർത്ഥിയെ പിൻവലിച്ചു. പക്ഷേ അത് അൻവറിന് തന്നെ വിനയായിരിക്കുകയാണ്. ഇനിയിപ്പോൾ ആരെക്കെ പാർട്ടി വിടും എന്നത് കാത്തിരുന്നു തന്നെ കാണണം.

അതേ സമയം അൻവറിന് വേണ്ടി കൊടി പിടിച്ച് ഇറങ്ങിയ ഒരു പ്രവർത്തക കൂലിക്ക് വേണ്ടിയാണ് എത്തിയതെന്ന് പറഞ്ഞത് വലിയ ചർ‍ച്ചയായിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് അൻവറിന് അത്ര എളുപ്പമാകില്ല എന്ന്. പുതിയ പാർട്ടി പ്രഖ്യാപിച്ച് നേരിടുന്ന ആദ്യ മത്സരത്തിൽ തന്നെ അൻവറിന്റെ പദ്ധതികൾ പൊളിയുന്നു എന്ന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments