കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതീരെ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാൾ ജോലിയിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. എന്നാൽ പ്രശാന്ത് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇദ്ദേഹത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. സസ്‌പെഷൻ പ്രാഥമിക നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിൻറെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. ഇയാൾ മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിൻറെ കാര്യം അറിയിച്ചിരുന്നുമില്ല. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ടിക്കൽ ഹെല്പറാണ് പ്രശാന്ത്. സർക്കാർ സർവ്വീസിലേക്ക് റഗുലൈറസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത് ഉൾപ്പെടുന്നത്. ശമ്പളം സർക്കാറിൽ നിന്നായത് കൊണ്ട് തന്നെ ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പ്രശാന്തിനും ബാധകമാണ്.
അതേസമയം, പ്രശാന്തിന് എങ്ങിനെ പെട്രോൾ പമ്പ് തുടങ്ങാൻ സാധിക്കും, ഇതിനുള്ള ഉറവിടം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങൾ എഡിഎമ്മിൻറെ മരണം മുതൽ ഉയരുകയാണ്. വിഷയത്തിൽ ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി വിശദമായി അന്വേഷണം നടത്തുന്നുണ്ട് . ഇതിന് മേലെ തുടർ നടപടിയെടുക്കുന്നതാണ്. മാത്രമല്ല, പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് പ്രാശാന്തിന് മെമോ നൽകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.