
‘ഫോണ്‍ പേയല്ലിത് പാം പേ’, ഇനി സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി കാണിച്ചാല്‍ മതി
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈന മുന്‍പന്തിയിലാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ഇപ്പോഴിതാ വികസനത്തിന്റെ പുതിയ ഒരു തലമാണ് ഒരു വീഡിയോയിലൂടെ ചൈന പങ്കിടുന്നത്. ചൈനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ഒരാള്‍ തന്റെ കൈ സ്‌കാന്‍ ചെയ്യുന്ന വീഡിയോ ആണത്. പലതരം പേയ്മെന്റ് ഓപ്ഷനുകല്‍ ഉള്ളിടത്താണ് ഇത്തരത്തിലൊരു സംവിധാനം.
ഒരു വ്ലോഗർ ആണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബില്ലിംഗ് കൗണ്ടറില്‍, ഒന്നിലധികം ക്യാഷ്ലെസ് പേയ്മെന്റ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഫോണും ക്യുആര്‍ കോഡും സ്‌കാന്‍ ചെയ്തുള്ള പേയ്മെന്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അതിലും എളുപ്പമുള്ള ഒരു മാര്‍ഗമാണ് വീഡിയോയില്‍ കാണിക്കുന്നത്. സ്‌കാനറിന് മുന്നില്‍ ഒരാള്‍ തന്റെ കൈപ്പത്തി വയ്ക്കുകയാണ്. സെക്കന്റുകള്‍ക്കുള്ളില്‍ പണമിടപാട് നടന്നതായി കാഷ്യര്‍ സൂചിപ്പിക്കുകയും ചെയ്യുന്നു. ഈ ഇടപാട് വളരെ വേഗത്തിലും യാതൊരു തടസ്സമില്ലാത്തതാണെന്നും വ്ലോഗർ തന്റെ വീഡിയോയില്‍ പറയുന്നു.
ചൈന ഈസ് ലിവിംഗ് ഇന്‍ 2050′ എന്ന തലക്കെട്ടൊടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത് വീഡിയോ കണ്ടത്. നല്ല അഭിപ്രായമാണ് ഈ സംവിധാനത്തെക്കുറിച്ച് എല്ലാവരും പങ്കുവെക്കുന്നത് . തങ്ങളുടെ രാജ്യത്തും ഇത് വേണമെന്നും പലരും അഭിപ്രായപ്പെടുന്നു. നൂതന സാങ്കേതിക വിദ്യ എന്നും ജീവിതത്തെ എളുപ്പമാക്കുന്നുവെന്ന് ഇതിലൂടെ ആളുകൾ വിലയിരുത്തുന്നു.