News

തീരദേശത്തുള്ളവരുടെ പ്രശ്നങ്ങളാണ് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ നിയമസഭയില്‍ കൊണ്ടുവന്നത്: വി.ഡി. സതീശൻ

കേരളത്തിൽ കഴിഞ്ഞ ഒരു അര നൂറ്റാണ്ട് കാലം കൊണ്ടുണ്ടായ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന്റെ മുന്നേറ്റത്തിൽ പിന്തള്ളപ്പെട്ടുപോയ സമുദായങ്ങളുടെ മുൻപന്തിയിലാണ് ലത്തീൻ സമുദായം നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ പ്രാവശ്യം പ്രതിപക്ഷം ഏറ്റവും കൂടുതൽ നിയമസഭയിൽ കൊണ്ടുവന്നത് തീരപ്രദേശത്തെ സാധാരണക്കാരുടെ വിഷയങ്ങൾ ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് എം. വിൻസന്റ് എംഎല്‍എയെ സാക്ഷിയാക്കി ചൂണ്ടിക്കാട്ടി. ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൂവാർ, വലിയതുറ, വിഴിഞ്ഞം, മൂന്ന് പ്രാവശ്യം മുതലപ്പൊഴിയിലെ വിഷയം, ചെല്ലാനത്തെ, എടവനക്കാട് തീരപ്രദേശത്തെ വിഷയം, മണ്ണെണ്ണയുടെ പ്രശ്നം, പുനരധിവാസത്തിന്റെ പ്രശ്നം ഒക്കെയും നിയമസഭയില്‍ എത്തിക്കാൻ ഈ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട്. നിങ്ങൾക്ക് തീരപ്രദേശം മാത്രമേ ഉള്ളോ എന്ന് ചോദിച്ചുകൊണ്ട് അതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടുപോലുമുണ്ട്. പക്ഷേ ഏറ്റവും വലിയ സങ്കടങ്ങൾ തീരപ്രദേശത്താണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാവശ്യം ആ വിഷയങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇനിയും അതിനുവേണ്ടിയിട്ടുള്ള നിർത്താതെയുള്ള പോരാട്ടം തുടരും -പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബെഞ്ചമിൻ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്ന് ഞങ്ങൾ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട് അടുത്ത നിയമസഭയിൽ അത് സർവ്വ ശക്തിയും എടുത്തുകൊണ്ട് അത് പ്രസിദ്ധീകരിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടും എന്നുള്ള വാക്കും പ്രതിപക്ഷ നേതാവ് തീരദേശ വാസികള്‍ക്ക് നല്‍കി.

മുനമ്പം വിഷയത്തിൽ അവിടെ താമസിക്കുന്ന ഒരാളെയും കുടിയിറക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ല. അത് മാത്രമല്ല അവരുടെ എല്ലാ വ്യവഹാരങ്ങൾക്കും അവസാനം ഉണ്ടാക്കി കൊടുത്തുകൊണ്ടുള്ള അവരുടെ പൂർണമായ റെവന്യൂ അവകാശം ആ ഭൂമിയിൽ അവർക്ക് വാങ്ങിച്ചു കൊടുക്കുന്നതുവരെ അവരോടൊപ്പം ഉണ്ടാകും.

കേരളത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ഒരു വിഷയമാക്കി മുനമ്പത്തെ മാറ്റില്ല. അത് മുനമ്പത്തെ പാവപ്പെട്ടവരുടെ വിഷയമാണ്. അതിന്റെ കൂടെ നിന്നുകൊണ്ട് അതിനുവേണ്ടി പോരാടുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. വലിയ തുറയിൽ ആയാലും വിഴിഞ്ഞത്താണെങ്കിലും മുതലപ്പൊഴിയിൽ ആണെങ്കിലും എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിച്ചിട്ടുള്ള ഒരു ജനവിഭാഗമാണ് ഈ തീരപ്രദേശത്തുള്ള പാവങ്ങൾ.. മണ്ണെണ്ണയുടെ വില കൂടിയത്, കടലിൽ മത്സ്യ വിഭവങ്ങൾ കുറഞ്ഞത്, നിരന്തരമായ തീരശോഷണം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടങ്ങൾ ഇതിന്റെ എല്ലാം അഭിവന്ദ്യനായ യൂജിൻ പെരേര അച്ഛൻ വളരെ വിശദമായിട്ടുള്ള ഒരു റിപ്പോർട്ട് മുതലപ്പൊഴിയെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. അതെല്ലാം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി കൂടെ ഉണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *