ന്യൂഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി തള്ളി സുപ്രീംകോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തിവെച്ചുവെന്നും, ഇതിൽ ഗൂഢാലോചനയുണ്ടെന്നും വിഷയം സി ബി ഐ അന്വേഷിക്കണമെന്നുമാണ് റിട്ട് ഹർജിയിലെ ആവശ്യം. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്.
പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന കാര്യം തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ ഹർജിക്കാരൻ സമീപിച്ചത് എന്നും കോടതി ചോദിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിട്ടിട്ടും, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപി കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഇത് ചട്ടവിരുദ്ധം ആണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി ഭട്ടി പറഞ്ഞു. സ്വന്തം കേസ് വാദിക്കാൻ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അജീഷ് പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ശേഷം, കേസിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ നിഷാദ് ഹർജി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.