മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സീഷന്‍ സിദ്ദിഖ്. അജിത് പവാറിന്റെ നേതൃത്വ ത്തിലുള്ള എന്‍സിപി ഇന്ന് പുറത്തിറക്കിയ രണ്ടാം പട്ടികയില്‍ സീഷന്‍ എംഎല്‍എയും രണ്ട് മുന്‍ ബിജെപി എംപിമാരും ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. വെടിയേറ്റ് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് മരണപ്പെട്ട മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മകനായ സീഷന്‍ ബാന്ദ്ര ഈസ്റ്റില്‍ നിന്നാണ് മത്സരിക്കുന്നത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് സീഷനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ബാബ സിദ്ദിഖ് ഈ വര്‍ഷം ആദ്യം ഭരണക ക്ഷിയായ മഹായുതി സഖ്യത്തിന്റെ ഘടകകക്ഷിയായ എന്‍സിപിയിലേക്ക് കടന്നിരുന്നു.
അന്തരിച്ച എന്‍സിപി നേതാവ് ആര്‍ആര്‍ പാട്ടീലിന്റെ മകന്‍ എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥി രോഹിത് പാട്ടീലുമായി സാംഗ്ലി ജില്ലയിലെ തസ്ഗാവ്-കവാത്തെ മഹങ്കല്‍ മണ്ഡലത്തില്‍ സഞ്ജയ് കാക പാട്ടീല്‍ ഏറ്റുമുട്ടും. ഇസ്ലാംപൂരില്‍ എന്‍സിപി (എസ്പി) സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിനെതിരെ നിഷികാന്ത് പാട്ടീലും മുംബൈയിലെ അനുശക്തി നഗറില്‍ നിന്ന് മുന്‍ മന്ത്രി നവാബ് മാലിക്കിന്റെ മകള്‍ സന മാലിക്കും മത്സരിക്കും. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 നും വോട്ടെണ്ണല്‍ നവംബര്‍ 23 നും നടക്കും.